ശരാശരി ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതം വരച്ചുവെച്ച് പ്രേക്ഷക പ്രശംസ നേടിയ ഹിന്ദി ചലച്ചിത്രം ‘ലാപത ലേഡീസ്’ ജപ്പാനില്‍ റിലീസിന് ഒരുങ്ങുന്നു. ജാപ്പനീസ് ഭാഷയിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായികയും സഹനിര്‍മാതാവുമായ കിരണ്‍ റാവു ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അടുത്തമാസം ഒക്ടോബര്‍ നാലു മുതല്‍ ജപ്പാനില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. ട്രെയിന്‍ യാത്രയ്ക്കിടെ അബദ്ധത്തില്‍ മാറിപ്പോകുന്ന രണ്ട് നവവധുക്കളുടെ ഹൃദയ ഹാരിയായ കഥ പറയുന്ന സിനിമ കിരണ്‍ റാവുവും ആമിര്‍ഖാനും ചേര്‍ന്നാണ് നിര്‍മിച്ചത്. വന്‍ താര നിരകളില്ലാതെ കടന്നുവന്ന് പ്രേക്ഷകമനസ്സു കീഴടക്കിയ ലാപതലേഡീസ് ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ വന്‍ വിജയമായിരുന്നു.
നിതാന്‍ഷി ഗോയലും പ്രതിഭ രന്തയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ സമകാലീന ഇന്ത്യന്‍ സാമൂഹികാവസ്ഥയെ തുറന്നു കാണിക്കുന്ന സിനിമ പുരുഷാധിപത്യത്തിനു നേരെ തിരിച്ച കണ്ണാടിയായിരുന്നു. നേരത്തെ, ചിത്രം ജഡ്ജിമാരടക്കം പങ്കെടുത്ത സദസ്സില്‍ സുപ്രീംകോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ലിംഗ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പ്രദര്‍ശനം നടന്നത്. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്നേഹ ദേശായിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.