CMDRF

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകള്‍

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകള്‍
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകള്‍

ഴിഞ്ഞ സാമ്പത്തികവര്‍ഷം വിവിധ കമ്പനികളുടേതായി ഇന്ത്യന്‍ നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകള്‍. ഒരു സാമ്പത്തികവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്ന് വാഹനഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷൻ പറയുന്നു. 2022-23 സാമ്പത്തികവര്‍ഷം 36.40 ലക്ഷം കാറുകളായിരുന്നു വിറ്റത്. 8.45 ശതമാനമാണ് ഇത്തവണത്തെ വില്‍പ്പന വളര്‍ച്ച.വാഹനങ്ങളുടെ ലഭ്യത ഉയര്‍ന്നതും വിതരണശൃംഖല ശക്തിപ്പെട്ടതുമാണ് വില്‍പ്പന ഉയരാനുള്ള പ്രധാനഘടകമെന്ന് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു. പുതിയ മോഡലുകളുടെ കടന്നുവരവും റോഡ് അടിസ്ഥാനസൗകര്യങ്ങളിലെ വര്‍ധനയും വില്‍പ്പനയില്‍ പ്രതിഫലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.യു.വി.കള്‍ക്കാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായത്.

എല്ലാവിഭാഗത്തിലുമുള്ള വാഹനങ്ങളുടെ 2023-24 സാമ്പത്തികവര്‍ഷത്തെ വില്‍പ്പന വളര്‍ച്ച 10.29 ശതമാനമാണ്. ആകെ 2.45 കോടി വാഹനങ്ങള്‍ നിരത്തിലെത്തി. വാണിജ്യവാഹനങ്ങള്‍, കാര്‍, ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവചേര്‍ന്നാണിത്. മുന്‍വര്‍ഷം ഇത് 2.22 കോടിയായിരുന്നു. ഏറ്റവുംകൂടുതല്‍ വില്‍പ്പനവളര്‍ച്ച മുച്ചക്രവാഹന വിഭാഗത്തിലാണ്, 48.83 ശതമാനം.ഇന്ധനച്ചെലവില്‍ വലിയ ലാഭവുമായി സി.എന്‍.ജി., ഇലക്ട്രിക് മോഡലുകളുടെ വരവാണ് മുച്ചക്ര വാഹന വില്‍പ്പന ഇത്രയും ഉയരാന്‍ കാരണം. ഇരുചക്ര വാഹന വില്‍പ്പനയില്‍ 9.3 ശതമാനവും വാണിജ്യ വാഹനവിഭാഗത്തില്‍ 4.82 ശതമാനവുമാണ് വില്‍പ്പന വളര്‍ച്ച.

ആദ്യമായി 50 ശതമാനം വിപണിവിഹിതം എസ്.യു.വി.കള്‍ സ്വന്തമാക്കി. അതേസമയം, മാര്‍ച്ചില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാര്‍വില്‍പ്പന ആറുശതമാനം കുറഞ്ഞു. 3.22 ലക്ഷം കാറുകളാണ് മാര്‍ച്ചില്‍ വിറ്റഴിഞ്ഞത്. മുന്‍വര്‍ഷമിത് 3.44 ലക്ഷമായിരുന്നു. കാര്‍വിപണിയില്‍ 40.94 ശതമാനം വിപണിവിഹിതവുമായി മാരുതി സുസുക്കിയാണ് മുന്നില്‍. 14.49 ശതമാനവുമായി ഹ്യുണ്ടായ് രണ്ടാമതും 13.52 ശതമാനവുമായി ടാറ്റ മോട്ടോഴ്സ് മൂന്നാമതുമാണ്. മഹീന്ദ്ര (8.96 ശതമാനം), കിയ (6.47 ശതമാനം), ടൊയോട്ട (4.38 ശതമാനം) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മൂന്നു സ്ഥാനങ്ങള്‍.

Top