കൊച്ചി; തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കാരണം ക്രിസ്ത്യൻ വോട്ടുകളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ നടന്നത് സാംപിൾ വെടിക്കെട്ട് മാത്രമാണ്. ക്രിസ്ത്യൻ സമുദായം വലിയ ഭീഷണിയാണ് നേരിടുന്നത്. അവരെ സംരക്ഷിക്കാൻ ആരുമില്ലെന്ന തോന്നലിലാണ് ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തത്.
താൻ മുസ്‌ലിം വിരോധിയോ വർഗീയവാദിയോ അല്ലെന്നും, അങ്ങനെ വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേരളത്തിലെ 9 രാജ്യസഭാ എംപിമാരിൽ ഒരാൾ പോലും പിന്നാക്ക വിഭാഗത്തിൽ നിന്നില്ല.
7 പേർ ന്യൂനപക്ഷ വിഭാക്കാരും 2 പേർ ഭൂരിപക്ഷ വിഭാഗക്കാരുമാണ്. കാലാകാലങ്ങളായി ഇടതു – വലതു മുന്നണികൾ അവഗണിക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെ വളർത്തിയ ഈഴവ വിഭാഗത്തെ തഴയുകയാണെന്നും വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.