പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: സ്പീക്കര്‍ എ എൻ ഷംസീറിന് കത്ത്‌ നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അടിയന്തിര പ്രമേയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത്‌ നല്‍കിയത്.

അടയന്തിര പ്രമേയ നോട്ടീസ് നല്‍കാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കാതെ നിയമസഭ ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കുന്ന തരത്തില്‍ സ്പീക്കര്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കത്തില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അതേ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അംഗങ്ങളുടെ പേര് പോലും പരാമര്‍ശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്ററി ജനാധിപത്യ ക്രമത്തില്‍ ഭരണ പ്രതിപക്ഷ ശബ്ദങ്ങളുടെ ഫലപ്രദമായ സമന്വയത്തിനായി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അവര്‍ താല്‍പര്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം സഭയില്‍ സംസാരിക്കുന്നതിന് അവസരം നല്‍കുന്ന കീഴ്വഴക്കമാണ് നാളിതുവരെയുള്ള സ്പീക്കര്‍മാര്‍ പിന്തുടരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ട് തടസപ്പടുത്തുകയും പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കുന്നതിന് കാലങ്ങളായി നല്‍കിവരുന്ന പ്രത്യേക അവകാശത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സമീപനം ചെയറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അത്യന്തം ഖേദകരമാണ് – കത്തില്‍ വിശദമാക്കുന്നു. ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Top