ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ഇവരുള്‍പ്പെടെയുള്ള സംഘത്തെ കാണാതാവുകയായിരുന്നു്. പിന്നീട് 18 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൂടാതെ ഹെലികോപ്ടറിലുണ്ടായിരുന്ന ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യ ഗവര്‍ണര്‍ മാലിക് റഹ്‌മത്തി, ഹെലികോപ്ടര്‍ പൈലറ്റ് എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടു.
ചരിത്രം പരിശോധിച്ചാല്‍ നിരവധി രാഷ്ട്ര നേതാക്കള്‍ ഹെലികോപ്ടര്‍-വിമാന ദുരന്തങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അപകടത്തില്‍പ്പെട്ടിട്ടും അതിജീവിച്ചത് കുറച്ചുപേര്‍ മാത്രമാണ്. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതാണ് ഇതിനുമുമ്പുള്ള പ്രധാന അപകടം. 1936ന് ശേഷം അപകടത്തില്‍ കൊല്ലപ്പെട്ടതും അതിജീവിച്ചതുമായ പ്രമുഖ ലോകനേതാക്കള്‍ ഇവരാണ്.
- 1936 ഡിസംബര്‍ 9 – സ്വീഡിഷ് പ്രധാനമന്ത്രി അര്‍വിഡ് ലിന്‍ഡ്മാന്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ഡഗ്ലസ് ഡിസി-2 വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ കനത്ത മൂടല്‍മഞ്ഞില്‍ ദിശതെറ്റി ക്രോയ്ഡണ്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള വീടുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.
- 1940 സെപ്റ്റംബര്‍ 7 -പരാഗ്വേ പ്രസിഡന്റ് മാര്‍ഷല്‍ ജോസ് ഫെലിക്‌സ് എസ്റ്റിഗാരിബിയ വിമാനാപകടത്തില്‍ മരിച്ചു.
- 1943 ജൂലൈ 4 -രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളണ്ട് സര്‍ക്കാറിനെ ഒളിവില്‍ നയിച്ച പോളിഷ് പട്ടാളക്കാരനും രാഷ്ട്രതന്ത്രജ്ഞനുമായ വ്‌ലാഡിസ്ലാവ് സിക്കോര്‍സ്‌കി ജിബ്രാള്‍ട്ടറില്‍ വിമാനം തകര്‍ന്ന് മരിച്ചു.
- 1958 ജൂണ്‍ 16 -ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് നെരെയു റാമോസ്, ക്രൂസെറോ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് മരിച്ചു.
- 1959 മാര്‍ച്ച് 29 -സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റും സ്വാതന്ത്ര്യ പോരാട്ട നായകനുമായ ബര്‍ത്തലെമി ബൊഗണ്ട വിമാനം തകര്‍ന്ന് മരിച്ചു
- 1961 സെപ്റ്റംബര്‍ 18 – കോംഗോയില്‍ സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ ചുമതലയുണ്ടായിരുന്ന അന്നത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്‍സ്‌ക്‌ജോള്‍ഡിന്റെ വിമാനം ഇന്നത്തെ സാംബിയയില്‍ തകര്‍ന്നുവീണു. അപകടത്തില്‍ ഹമര്‍സ്‌ക്‌ജോള്‍ഡ് ഉള്‍പ്പെടെ 16 പേര്‍ മരിച്ചു.
- 1966 ഏപ്രില്‍ 13 -ഇറാഖ് പ്രസിഡന്റ് അബ്ദുല്‍ സലാം ആരിഫ് ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചു. 1963ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് ആരിഫ് അധികാരത്തിലെത്തിയിരുന്നത്.
- 1969 ഏപ്രില്‍ 27 -ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബാരിയന്റോസ് കൊച്ചബാംബ നഗരത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു.
- 1977 ജനുവരി 18 -യുഗോസ്ലാവിയന്‍ പ്രധാനമന്ത്രി ഡിസെമല്‍ ബിജെഡിക്കിന്റെ ലിയര്‍ജെറ്റ് 25 വിമാനം ബോസ്നിയ ഹെര്‍സഗോവിനയിലെ ക്രെസെവോ നഗരത്തിനടുത്തുള്ള ഇനാക് പര്‍വതത്തില്‍ തകര്‍ന്നുവീണു. ബിജെഡിക്കും ഭാര്യയും മറ്റ് ആറ് പേരും അപകടത്തില്‍ മരിച്ചു.
- 1979 മേയ് 27 -ആഫ്രിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മൗറിത്താനിയന്‍ പ്രധാനമന്ത്രി അഹമ്മദ് ഔള്‍ഡ് ബൗസീഫ് സഞ്ചരിച്ച വിമാനം ഡാക്കര്‍ തീരത്ത് തകര്‍ന്നു. ബൗസീഫ് അപകടത്തില്‍ മരിച്ചു.
- 1980 ഡിസംബര്‍ 4 -പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ഫ്രാന്‍സിസ്‌കോ സാ കാര്‍നെറോയും പ്രതിരോധ മന്ത്രി അഡെലിനോ അമാരോ ഡ കോസ്റ്റയും തലസ്ഥാനമായ ലിസ്ബണില്‍ ഇവരുടെ വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്ന് മരിച്ചു.
- 1981 മേയ് 24 -ഇക്വഡോര്‍ പ്രസിഡന്റ് ജെയിം റോള്‍ഡോസ് അഗ്വിലേരയും പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മാര്‍ക്കോ സുബിയ മാര്‍ട്ടിനെസും സഞ്ചരിച്ചിരുന്ന വിമാനം പെറുവിയന്‍ അതിര്‍ത്തിക്ക് സമീപം തകര്‍ന്നുവീണ് ഇരുവരും മരിച്ചു.
- 1981 ജൂലൈ 31 -പനാമ പ്രസിഡന്റ് ഉമര്‍ ടോറിജോസ് അദ്ദേഹം പറന്നുകൊണ്ടിരുന്ന ചെറുവിമാനം വനത്തില്‍ തകര്‍ന്ന് മരിച്ചു.
- 1986 ഒക്ടോബര്‍ 19 -മൊസാംബിക് പ്രസിഡന്റ് സമോറ മച്ചലും നിരവധി മൊസാംബിക്കന്‍ മന്ത്രിമാരും സഞ്ചരിച്ചിരുന്ന വിമാനം മൊസാംബിക്-ദക്ഷിണാഫ്രിക്കന്‍ അതിര്‍ത്തിക്ക് സമീപം തകര്‍ന്നുവീണു. മച്ചലും ചില മന്ത്രിമാരും മൊസാംബിക്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 33 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പൈലറ്റ് കുറ്റക്കാരനാണെന്ന് പിന്നീട് കണ്ടെത്തി.
- 1987 ജൂണ്‍ 1 -ലെബനീസ് പ്രധാനമന്ത്രി റാഷിദ് കറാമി ഹെലികോപ്ടറില്‍ ബെയ്‌റൂത്തിലേക്കുള്ള യാത്രക്കിടെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ സീറ്റിന് പിന്നില്‍ സ്ഥാപിച്ച റിമോട്ട് കണ്‍ട്രോള്‍ ബോംബ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
- 1988 ആഗസ്റ്റ് 17 -പാകിസ്താന്‍ പ്രസിഡന്റ് സിയാ-ഉള്‍-ഹഖും അഞ്ച് ജനറല്‍മാരും യു.എസ് അംബാസഡര്‍ അര്‍നോള്‍ഡ് ലൂയിസ് റാഫേലും സഞ്ചരിച്ച സി-130 സൈനിക വിമാനം തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് ഏകദേശം 530 കിലോമീറ്റര്‍ തെക്ക് ബഹവല്‍പൂരിന് സമീപം തകര്‍ന്നു. ഗൂഢാലോചന സംശയിച്ച അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടു.
- 1994 ഏപ്രില്‍ 6 -ബുറുണ്ടി പ്രസിഡന്റ് സിപ്രിയന്‍ ടര്യാമിറയും റുവാണ്ടന്‍ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയും സഞ്ചരിച്ചിരുന്ന വിമാനത്തിന് നേരെ കിഗാലി എയര്‍പോര്‍ട്ടിന് സമീപം വെടിവെപ്പുണ്ടായി. തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടില്ല.
- 2004 ഫെബ്രുവരി 26 -മാസിഡോണിയയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ബോറിസ് ട്രാജ്കോവ്സ്‌കിയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും സഞ്ചരിച്ച വിമാനം ബോസ്നിയ ഹെര്‍സഗോവിനയിലെ മോസ്റ്റാര്‍ നഗരത്തിന് സമീപം തകര്‍ന്നുവീണു. ട്രാജ്കോവ്സ്‌കിയും അദ്ദേഹത്തിന്റെ ഉപദേശകരും ഉള്‍പ്പെടെ എട്ട് പേര്‍ അപകടത്തില്‍ മരിച്ചു. അപകടം പൈലറ്റിന് സംഭവിച്ച പിശകാണെന്ന് പിന്നീട് അന്വേഷണ റിപ്പോര്‍ട്ടുണ്ടായി.
- 2010 ഏപ്രില്‍ 10 -പോളണ്ടിന്റെ പ്രസിഡന്റ് ലെക്ക് കാസിന്‍സ്‌കിയും ഭാര്യയും ഉള്‍പ്പെടെ 96 പേരുമായി പറന്ന ടുപോലൊവ്-154 വിമാനം റഷ്യയിലെ സ്‌മോലെന്‍സ്‌ക് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള ഒരുക്കത്തിനിടെ വനമേഖലയില്‍ തകര്‍ന്നുവീണു. എല്ലാവരും കൊല്ലപ്പെട്ടു.
- 2024 ഫെബ്രുവരി 5 -മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരയും സംഘവും സഞ്ചരിച്ചിരുന്ന റോബിന്‍സണ്‍ ആര്‍-66 ഹെലികോപ്റ്റര്‍ ലോസ് റിയോസിലെ റാങ്കോ തടാകത്തില്‍ തകര്‍ന്നു വീണു. കനത്ത മഴയും മൂടല്‍മഞ്ഞും കാരണം പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്റര്‍ തകരുകയായിരുന്നു. മൂന്ന് പേര്‍ അപകടത്തിനിടെ തടാകത്തിലേക്ക് ചാടി രക്ഷപ്പെട്ടു. സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ കഴിയാതിരുന്ന പിനേരക്ക് രക്ഷപ്പെടാനായില്ല.
ആകാശദുരന്തങ്ങളെ അതിജീവിച്ച നേതാക്കള്‍
- 1959 ഫെബ്രുവരി 17 -തുര്‍ക്കിയ പ്രധാനമന്ത്രിയായ അദ്നാന്‍ മെന്‍ഡറസ് ഇംഗ്ലണ്ടില്‍ വെച്ച് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തുര്‍ക്കിയ, ഇംഗ്ലണ്ട്, ഗ്രീസ് എന്നിവ തമ്മിലുള്ള ഒരു കരാറില്‍ ഒപ്പുവെക്കാന്‍ പോയതായിരുന്നു അദ്ദേഹം. വിമാനം തകര്‍ന്ന അപകടത്തില്‍ അന്നത്തെ അനഡോലു ഡയറക്ടര്‍ ജനറല്‍ സെരിഫ് അര്‍സിക് ഉള്‍പ്പെടെ 14 പേര്‍ മരിച്ചു.
- 1977 ഫെബ്രുവരി 9 -ജോര്‍ഡന്‍ മുന്‍ രാജ്ഞി എ ആലിയ ടൗക്കന്‍ തഫില നഗരത്തില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ടൗക്കാന്റെ ഭര്‍ത്താവ് ഹുസൈന്‍ ബിന്‍ തലാല്‍ രാജാവ് അപകടം അതിജീവിച്ചു. ശക്തമായ മഴയെ തുടര്‍ന്നായിരുന്നു അപകടം. ജോര്‍ഡന്‍ ആരോഗ്യമന്ത്രി മുഹമ്മദ് അല്‍-ബെഷിറും അപകടത്തില്‍ മരിച്ചു.
- 1994 ജൂണ്‍ – ഇംഗ്ലണ്ടിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് പറത്തിയ വിമാനം ശക്തമായ കാറ്റിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ഒരു മില്യണ്‍ ഡോളറിലധികം നാശനഷ്ടമുണ്ടായി. അപകടത്തില്‍ ചാള്‍സ് മൂന്നാമന്‍ രക്ഷപ്പെട്ടു.