പാലക്കാട് : ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. മുതിർന്ന നേതാക്കൾ അടക്കം നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർഥി വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല.
എ.വി. ഗോപിനാഥ് ഫാക്ടർ ആലത്തൂരിൽ പ്രവർത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എൽഡിഎഫിന് കിട്ടിയതെന്നും എ.തങ്കപ്പൻ പറഞ്ഞു.
അതേസമയം, തന്റെ നിലപാട് തോൽവിക്കു കാരണമായെന്നായിരുന്നു എ.വി. ഗോപിനാഥിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്ടർ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം.
അതിനിടെ, വിവാദങ്ങൾക്കില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. പറയാനുളളത് പാർട്ടി വേദികളിൽ പറയും, വിവാദത്തിനില്ല. ഡിസിസി പ്രസിഡൻറിൻറെ പരാമർശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയിൽ സഹകരിച്ചു തന്നെയാണ് പ്രവർത്തിച്ചു പോകുന്നത്. തോൽവിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.