തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലൂടെ ഒന്ന് കയറി ഇറങ്ങി വരുമ്പോളേക്ക് ചിലപ്പോൾ നമ്മുടെ ഫോൺ വെറെ ആളുടെ കൈയ്യിലെത്തിയിട്ടുണ്ടാകും. പക്ഷെ ഇനി ഫോൺ നഷ്ടപ്പെട്ടാൽ വിഷമിക്കണ്ട. ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ‘theft detection lock ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. മോഷ്ടാവിന് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയാത്തവിധമാണ് ഈ ഫീച്ചര്‍. അടുത്തിടെ വിപണിയിലെത്തിയ ഷവോമി 14ടി പ്രോ ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. കള്ളന്‍ കാല്‍നടയായോ വാഹനത്തിലോ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ സ്വയമേവ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് പ്രവേശിക്കും. സ്മാര്‍ട്ട്ഫോണ്‍ തല്‍ക്ഷണം ലോക്ക് ചെയ്യപ്പെടും. ഫോണിലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതില്‍ നിന്ന് മോഷ്ടാവിനെ പരിമിതപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
Also Read: വീഡിയോയും ശബ്ദവും നിര്‍മിക്കുന്ന മൂവിജെന്‍ എഐ അവതരിപ്പിച്ചു
ഇതിന് പുറമേ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. ലോക്ക് ചെയ്ത സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റയില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. ഗൂഗിള്‍ ഈ ബീറ്റ ഫീച്ചറുകള്‍ ഓഗസ്റ്റ് മുതല്‍ പരീക്ഷിച്ചുവരികയാണ്.