എസ്.ഡി.പി.ഐ പിന്തുണ വ്യക്തിപരം, ബി.ജെ.പിക്ക് എതിരെ രാഹുൽഗാന്ധി മത്സരിക്കണമെന്ന് എന്താണ് നിർബന്ധമെന്നും ലീഗ് എം.എൽ.എ

എസ്.ഡി.പി.ഐ പിന്തുണ വ്യക്തിപരം, ബി.ജെ.പിക്ക് എതിരെ രാഹുൽഗാന്ധി മത്സരിക്കണമെന്ന് എന്താണ് നിർബന്ധമെന്നും ലീഗ് എം.എൽ.എ
എസ്.ഡി.പി.ഐ പിന്തുണ വ്യക്തിപരം, ബി.ജെ.പിക്ക് എതിരെ രാഹുൽഗാന്ധി മത്സരിക്കണമെന്ന് എന്താണ് നിർബന്ധമെന്നും ലീഗ് എം.എൽ.എ

സ്.ഡി.പി.ഐ നല്‍കുന്ന പിന്തുണ വ്യക്തിപരമായാണെന്ന അവകാശവാദവുമായി മുസ്ലീംലീഗ് എം.എല്‍.എ പി.കെ ബഷീര്‍ രംഗത്ത്. എസ്.ഡി.പി.ഐ വോട്ട് വേണ്ടന്ന് പറയാനും അദ്ദേഹം തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധിയ്ക്ക് 5ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച ബഷീര്‍, ബി.ജെ.പിക്ക് എതിരെ രാഹുല്‍ മത്സരിക്കണമെന്ന് എന്താ നിര്‍ബന്ധമെന്നും ചോദിക്കുകയുണ്ടായി.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക

രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷമാണ് ലീഗ് പ്രതീക്ഷിക്കുന്നത് ?

5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമായിരിന്നു കഴിഞ്ഞപ്രാവശ്യം ലഭിച്ചത്. ഇത്തവണ അത് വർദ്ധിക്കും. വയനാട്ടില്‍ മൂന്നാം തീയതി രാഹുല്‍ ജി നോമിനേഷന്‍ കൊടുക്കാന്‍ വന്നപ്പോള്‍ റെക്കോര്‍ഡ് ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. അതേ ദിവസമായിരുന്നു ആനി രാജയുടെറോഡ്‌ഷോയും നടന്നത്. അതിൽ 400 ആളുകള്‍ തികച്ച് പങ്കെടുത്തിട്ടില്ല. അതാണ് അതിന്റെ ഒരു മാറ്റം.

മലപ്പുറത്ത് ഇത്തവണ ഇടതുപക്ഷം ‘പച്ചതൊടുമോ’ ?

അതവരുടെ സ്വപ്നമാണ്. നല്ലവോട്ടിന്റെ ഭൂരിപക്ഷത്തില്‍ മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനി സാഹിബും വിജയിക്കും.

ലീഗില്‍ നിന്നും മാറിയവരെ ഇടതുപക്ഷം എതിരാളികള്‍ ആക്കുന്നതില്‍ എന്താണ് അഭിപ്രായം ?

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംഘടന ദൗര്‍ബല്യവും പാര്‍ട്ടിയില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതും ആയിട്ടുള്ള പ്രശ്‌നങ്ങളുടെ ഭാഗമാണത്. അതായത് കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാനാണവര്‍ നോക്കുന്നത്, അതൊന്നും പൊന്നാനിയില്‍ ഏശാന്‍ പോകുന്നില്ല. സിപിഎം എന്ന പാര്‍ട്ടി ഇന്ത്യയില്‍ എല്ലായിടത്തും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കയാണ്. ലീഗിലെ സീനിയര്‍ ലീഡറാണ് ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബ്. പ്രായവും യാത്രാസൗകര്യവും കണക്കിലെടുത്ത് അദ്ദേഹത്തെ മലപ്പുറത്തേക്ക് മാറ്റിയെന്നേയുള്ളൂ.

ഇന്ത്യാ സഖ്യം ഉണ്ടാക്കിയ രാഹുല്‍ ഗാന്ധി, ആ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കെതിരെ മത്സരിക്കുന്നത് ശരിയാണോ ?

ഇന്ത്യ സഖ്യത്തിന്റെ മുന്നണിയില്‍ സിപിഎം ഇല്ലല്ലോ, 2019 ലെ ഇലക്ഷനില്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചതാണ്. അന്നും എല്‍ഡിഎഫിനെ എതിര്‍ത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്.

എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ബി.ജെ.പിക്ക് എതിരെ മത്സരിക്കാത്തത് ?

രാഹുല്‍ ഗാന്ധിക്ക് ഒരു മണ്ഡലത്തിലല്ലേ മത്സരിക്കേണ്ടതുള്ളൂ. ബിജെപിക്ക് എതിരെ തന്നെ മത്സരിക്കണമെന്നുണ്ടോ ? 2019 ല്‍ വയനാട്ടില്‍ നിന്ന് തന്നെയാണല്ലോ അദ്ദേഹം മത്സരിച്ചത്.

കഴിഞ്ഞ തവണ 19 സീറ്റ് യു.ഡി.എഫ് നേടി, ഇത്തവണ എത്ര സീറ്റുകളാണ് പ്രതീക്ഷിക്കുന്നത് ?

20 ല്‍ 20ഉം ലഭിക്കും. ഗവണ്‍മെന്റിനെതിരെയുള്ള വിജയം കൂടിയായിരിക്കും ഇത്തവണത്തെ വിജയം. ജനങ്ങള്‍ക്ക് ഒരു സുരക്ഷിത ബോധവും മതേതരത്വവും ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരണം. ജനങ്ങളെ ദ്രോഹിക്കുന്ന എല്ലാ രംഗത്തും പരാജയമായ ഗവണ്‍മെന്റിനെതിരായ വിജയമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടാവുക.

ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ലീഗ് ഇടതുപക്ഷവുമായി സഹകരിക്കാന്‍ സാധ്യതയുണ്ടോ ?

ഞങ്ങൾക്ക് ഒരു ക്രെഡിബിലിറ്റി ഒക്കെയില്ലേ ? ഞങ്ങള്‍ അവസരവാദികളല്ലന്നത് മനസ്സിലാക്കി കൊള്ളണം.

ഇടതുപക്ഷത്ത് ലീഗ് വല്ല നന്മകളും കാണുന്നുണ്ടോ ?

ഒരു നന്മയുമില്ല. മുന്‍പുണ്ടായിരുന്നു. ഇപ്പോഴില്ല. അതില്‍ നന്മയുണ്ടങ്കില്‍ ബംഗാളില്‍ ആ പാര്‍ട്ടിയില്ലാതെ ആകുമോ ? ത്രിപുരയില്‍ ആ പാര്‍ട്ടിയില്ലാതെ ആകുമോ ? ഇപ്പോള്‍ അതിജീവനത്തിനു വേണ്ടി കോണ്‍ഗ്രെസ്സുമായിയാണ് സഖ്യം. ബംഗാളില്‍ 34 കൊല്ലം അധികാരത്തില്‍ നിന്ന പാര്‍ട്ടി, 2021 ആയപ്പോള്‍ നിയമസഭയിലേക്ക് സീറ്റില്ലാത്ത ഒരു പാര്‍ട്ടിയായി മാറി. ആ പാര്‍ട്ടിയുടെ അധോഗതി എന്താകും ? എന്തുകൊണ്ട് ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനെതിരായി വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ ഏതെങ്കിലും പാര്‍ട്ടി ഓഫീസ് വേറെ ഏതെങ്കിലും പാര്‍ട്ടിയുടെ ഓഫീസായി മാറിയിട്ടുണ്ടോ. അതും സി.പി.എമ്മിനെ സംബന്ധിച്ച് അവിടെ സംഭവിച്ചിട്ടുണ്ട്.

സമസ്ത മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാട് പല ഘട്ടത്തിലും എടുത്തിട്ടുണ്ട്. എന്താണ് അഭിപ്രായം ?

സമസ്ത ഒരു മത സംഘടനയല്ലേ, അഭിപ്രായങ്ങള്‍ പറയുന്നു എന്നല്ലേയുള്ളു.

എസ്.ഡി.പി.ഐയുടെ പിന്തുണയെ എങ്ങനെയാണ് നോക്കി കാണുന്നത് ?

തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് എല്ലാവരുടെയും വോട്ട് വേണം. ചിലര്‍ പിന്തുണ പ്രഖ്യാപിക്കും. സംഘടനാ എന്നുള്ള നിലയ്ക്കല്ല, വ്യക്തിപരമായ വോട്ടുകള്‍ നമ്മള്‍ സ്വീകരിക്കും. അത് അവര്‍ പ്രഖ്യാപിച്ചതാണ്. ഞങ്ങള്‍ ആവശ്യപ്പെട്ടതല്ല.

അനില്‍ ആന്റണിയും പത്മജയും ബി.ജെ.പിയില്‍ പോയതിനെ കുറിച്ച് എന്താണ് അഭിപ്രായം ?

അനില്‍ ആന്റണിയും പത്മജയും പോയത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത്രയും കാലം അവരുടെ കുടുംബവും പാരമ്പര്യവുമെല്ലാം കോണ്‍ഗ്രസ്സായിരുന്നു. അത് സ്വന്തം അച്ഛനെ മക്കള്‍ തള്ളിപ്പറയുന്നതിന് തുല്യമാണ്.

അനില്‍ ആന്റണി കൈക്കൂലി വാങ്ങിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത് , അത് വിശ്വസിക്കുന്നുണ്ടോ ?

അതെല്ലാം കാലം തെളിയിക്കേണ്ട കാര്യങ്ങളാണ്. അക്കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് അഭിപ്രായം പറയാനാകില്ല.

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണുക.

Top