ലീഗിന്റെ പൊന്നാപുരം കോട്ടകളായാണ് മലപ്പുറം – പൊന്നാനി ലോകസഭ മണ്ഡലങ്ങള്‍ അറിയപ്പെടുന്നത്. എന്നാല്‍ മുന്‍പ് മലപ്പുറം മണ്ഡലം മഞ്ചേരി ആയിരുന്ന കാലഘട്ടത്തില്‍ ടി.കെ ഹംസയിലൂടെ അട്ടിമറി വിജയം നേടിയ വലിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്. അത്തരമൊരു സാഹചര്യമാണ് മറ്റൊരു ഹംസയിലൂടെ പൊന്നാനിയില്‍ ഇത്തവണ ഇടതുപക്ഷം കാണുന്നത്. മുസ്ലീംലീഗിന്റെ മുന്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായ കെ.എസ് ഹംസയെ പൊന്നാനിയില്‍ ഇടതുപക്ഷം രംഗത്തിറക്കിയതു തന്നെ ലീഗ് കോട്ട തകര്‍ക്കണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്.
ലോകസഭ മണ്ഡലത്തില്‍ ഇത്തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന സി.പി.എം നേതാവും കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ണ്ടിക്കേറ്റ് അംഗവുമായ പി.കെ ഖലീമുദ്ദീന്‍ പറയുന്നത്.
സിറ്റിംഗ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലന്നും, അത് ലീഗ് നേതൃത്വത്തിന് അറിയുന്നതു കൊണ്ടാണ് അദ്ദേഹത്തെ മണ്ഡലം മാറ്റി, സമദാനിയെ രംഗത്തിറക്കിയതെന്നും ഖലീമുദ്ദീന്‍ ചൂണ്ടിക്കാട്ടി.
എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണുക
പൊന്നാനിയിലെ നിലവിലെ അവസ്ഥ ഇടതുപക്ഷത്തിന് അനുകൂലമാണോ ?
പൊന്നാനിയില്‍ മുമ്പൊന്നുമില്ലാത്ത രൂപത്തിലുള്ള ഒരു ഇടതുപക്ഷ തരംഗം വളരെ സജീവമായി രംഗത്ത് വരികയാണ്. 1977 മുതല്‍ മുസ്ലിം ലീഗ് എന്നുപറയുന്ന രാഷ്ട്രീയ പാര്‍ട്ടി മാത്രം വിജയിച്ചു വന്നിട്ടുള്ള ഈ മണ്ഡലത്തില്‍ പൂര്‍ണമായും അവരെ തിരസ്‌കരിക്കുന്ന ഒരു സമീപനം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷം വലിയ വിജയ പ്രതീക്ഷയിലാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.
പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏതൊക്കെ നിയമസഭാ മണ്ഡലങ്ങളിലാണ് ഇടതുപക്ഷം മുന്‍തൂക്കം പ്രതീക്ഷിക്കുന്നത് ?
നിലവില്‍ ഏഴ് നിയമസഭാമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. ഇതില്‍ നാല് മണ്ഡലങ്ങള്‍ തൃത്താല, പൊന്നാനി, തവനൂര്‍, താനൂര്‍ എന്നിവ ഇടതുപക്ഷ എംഎല്‍എമാര്‍ പ്രതിനിധാനം ചെയ്യുന്നതാണ്. ഈ നാല് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വലിയ മേല്‍ക്കൈ ഈ തിരഞ്ഞെടുപ്പില്‍ വലിയ മേല്‍കൈ ഉണ്ടായിരിക്കും. കാരണം ഇടതുപക്ഷ എംഎല്‍എമാരിലൂടെ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൂടി ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തിരൂര്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മണ്ഡലമാണ്. അതോടൊപ്പം തന്നെ കോട്ടക്കല്‍ നിലവില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരായിട്ടുള്ള ഒരു ആന്റി ഇന്‍ക്യുബന്‍സി വളരെ വലിയ രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്. കോട്ടക്കലും ഇടതുപക്ഷത്തിന് കിട്ടും. പൊതുവേ മുസ്ലിം ആധിപത്യം ഉള്ള തിരൂരങ്ങാടിയില്‍ മുന്‍കാലങ്ങളില്‍ ഇല്ലാത്ത രൂപത്തിലുള്ള വലിയ മാറ്റങ്ങള്‍ കാണുന്നുണ്ട്. പൊതുവെ എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം ലീഡ് ചെയ്യുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.
ഇവിടെ ഇടതുപക്ഷത്തിന് പ്രധാനമായും ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന അനുകൂല ഘടകം എന്താണ് ?
രണ്ട് തരത്തില്‍ കാണാന്‍ കഴിയും, ഒന്ന് നാഷണല്‍ പൊളിറ്റിക്‌സ് ഇതില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെ ഭൂരിപക്ഷമായി ഈ മണ്ഡലത്തില്‍ ഉണ്ടായിരിക്കുമ്പോള്‍. കഴിഞ്ഞ പത്തു കൊല്ലത്തിനിടയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന പല നിയമങ്ങളും നടപടികളുമൊക്കെ തന്നെ ന്യൂനപക്ഷത്തിന്റെ ഭയത്തെ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ഫലപ്രദമായി ചെറുക്കുവാന്‍ പാര്‍ലമെന്റില്‍ ആയാലും ഡല്‍ഹിയിലായാലും കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നൊരു പൊതുബോധം ഇവിടെയുണ്ട്. ഇടതുപക്ഷം എല്ലാ അര്‍ത്ഥത്തിലും ന്യൂനപക്ഷത്തെ ചേര്‍ത്ത്‌നിര്‍ത്തുന്നു എന്ന ഒരു തോന്നല്‍ ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. രണ്ടാമത്തെ കാര്യം വികസനമാണ്. 1977 മുതല്‍ ഒരേ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ഈ മണ്ഡലം കേരളത്തിലെ മറ്റുപല മണ്ഡലങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഏറ്റവും പുറകിലാണ്. പ്രധാനപ്പെട്ട സ്ഥാപനങ്ങളും സംരംഭങ്ങളും നാളിതുവരെ ഇവിടെ വന്നിട്ടില്ല എന്നൊരു ഫീലിംഗ് ഇവിടെ പൊതുവെയുണ്ട്. റീജണല്‍ ആയാലും നാഷണല്‍ വൈസ് ആയാലും ഇടതുപക്ഷത്തിന് ഏറെ സാധ്യതയുള്ള ഒരു തിരഞ്ഞെടുപ്പായിട്ടാണ് ഇതിനെ കാണാന്‍ കഴിയുന്നത്.
ലീഗ് സ്ഥാനാര്‍ത്ഥി സമദാനി, മലപ്പുറത്ത് നിന്നും പൊന്നാനിയിലേക്ക് മാറിയതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?
ഒരു തോല്‍വിയുടെ തുടക്കം അല്ലെങ്കില്‍ അടിയറവ് എന്ന് പറയുന്നത് കോണ്‍സ്റ്റിറ്റിയുവെന്‍സി മാറ്റമാണ്. മണ്ഡലം മാറണമെങ്കില്‍ എന്തെങ്കിലും കാരണം വേണം. രണ്ട് എംപിമാരും വ്യത്യസ്ത മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. അതിന് കാരണം രണ്ട് എംപിമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ വിശ്വാസപൂര്‍വ്വം ജനങ്ങളെ സമീപിക്കാന്‍ കഴിയാത്തത്തിന്റെ പേരിലാണ്. പൊന്നാനിയിലെ നിലവിലെ എംപി ഇവിടെ ഇല്ലാതായിട്ട് കാലങ്ങള്‍ കുറെയായി. അതുകൊണ്ടാണ് അദ്ദേഹം മലപ്പുറത്തേക്ക് പോകുന്നത്. മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയും അവിടെയില്ലാതെ, ജയിക്കുന്നു അതിനുശേഷം ജനങ്ങള്‍ തിരിച്ചു നോക്കാതിരിക്കുക എന്ന ലീഗ് ശൈലി അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ മണ്ഡലം മാറിയിരിക്കുന്നത്.
സിറ്റിംഗ് എം.പിയായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
ഏറ്റവും വലിയ പരാജയമാണ്. രണ്ടുതവണയാണ് തുടര്‍ച്ചയായി എംപിയായി പ്രധിനിധാനം ചെയ്തത്. 17 കോടി രൂപയാണ് കഴിഞ്ഞ നാളുകളില്‍ എംപി ഫണ്ടായി വിനിയോഗിക്കാന്‍ വേണ്ടി കൊടുത്തത്. അതില്‍ 7 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. പൊന്നാനി ലോക്‌സഭാ കോണ്‍സ്റ്റിറ്റിയുവെന്‍സിയിലൂടെയാണ് പ്രധാനപ്പെട്ട റെയില്‍വേ റൂട്ട് പോകുന്നത്. കേരള സംസ്ഥാനത്ത് ആറിലൊന്ന് ജനസംഖ്യയുള്ളത് മലപ്പുറം ജില്ലയാണ്. മലപ്പുറം ജില്ലയിലെ റെയില്‍വേ റൂട്ട് പ്രധാനമായി പോകുന്ന പൊന്നാനി കോണ്‍സ്റ്റിറ്റിയുവെന്‍സിയില്‍ ഒരിടത്തും 22 ഓളം വരുന്ന ട്രെയിനുകള്‍ക്ക് നിലവില്‍ സ്റ്റോപ്പില്ല. അതായത് മലപ്പുറം ജില്ലയെ അവഗണിക്കുകയാണ്. മറ്റു പല ജില്ലകളില്‍ അത് കോണ്‍ഗ്രസിന്റെ എംപിമാര്‍ ആണെങ്കില്‍ പോലും അവര്‍ നടത്തിയ ഇടപെടല്‍ പോലും ഇവിടെ നടന്നിട്ടില്ല എന്നുള്ളതാണ്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള ജില്ലയാണ് പൊന്നാനി. കോഴിക്കോട് പാലക്കാട് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ എല്ലാം രണ്ടു വീതം പ്രവാസി സേവാ കേന്ദ്രങ്ങള്‍ ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ കൊടുക്കേണ്ട മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ ഒന്നേയുള്ളൂ. അതായത് ഇവിടുത്തെയും മലപ്പുറത്തെയും എംപിമാരുടെ കഴിവുകേടിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ രൂപത്തില്‍ ഉള്ളത്.
എസ്.ഡി.പി.ഐ വോട്ടുകള്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാന്‍ സാധ്യത കാണുന്നില്ലേ ?
പൊതുവേ മുസ്ലിം ജനമനസ്സ് മതേതരമായി ചിന്തിക്കുക എന്നുള്ളതാണ്. അതില്‍ വളരെ ന്യൂനപക്ഷമാണ് തീവ്രപരമായി ചിന്തിക്കുന്നത്. തീവ്രപരമായി ചിന്തിക്കുന്ന ഒരു വിഭാഗത്തിനെ പ്രധിനിധാനം ചെയ്യുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. അതുകൊണ്ട് എസ്ഡിപിഐ പരസ്യമായി പിന്തുണ കൊടുക്കുന്നത് മുസ്ലിം ജനവിഭാഗത്തിന് പൊതുവേ താല്പര്യമുള്ള കാര്യമല്ല. യഥാര്‍ത്ഥത്തില്‍ ഈ പിന്തുണ പുറത്തേക്ക് വന്നിട്ടുള്ളത് അവര്‍ തമ്മിലുള്ള ഡീലിന്റെ ഭാഗമായിട്ടാണ്. പൊതുജനം തള്ളും, പ്രത്യേകിച്ച് മുസ്ലിം സമുദായം തള്ളിക്കളയും എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.
പൊന്നാനിയിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥ എന്താണ് ? കോണ്‍ഗ്രസ്സ് വോട്ടുകളില്‍ ഭിന്നിപ്പ് പ്രതീക്ഷിക്കുന്നുണ്ടോ ?
പൊന്നാനിയിലെ കോണ്‍ഗ്രസ് സംഘടനാപരമായി ഏറെ ദുര്‍ബലപ്പെട്ടു നില്‍ക്കുകയാണ്. യുഡിഎഫിന്റെ മലപ്പുറം ജില്ലാ കണ്‍വീനര്‍ തന്നെ യുഡിഎഫിന്റെ ആദ്യത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായി. സമര ജ്വാലയില്‍ നിന്ന് വിട്ട്‌നില്‍ക്കുന്ന സാഹചര്യം ഉണ്ടായി. പൊതുവിവെ മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍ മേഖലകളില്‍ മുസ്ലിംലീഗിന്റെ സമീപനങ്ങളോട് എതിര്‍ത്തു നില്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അത് രൂക്ഷമായി വന്നുകൊണ്ടിരിക്കുകയാണ്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണാം.