കൊച്ചി: വൃദ്ധനായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ എസ്.എച്ച്.ഒയോട് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടറോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ ഏരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് എഴുപതുകാരനായ അച്ഛന്‍ ഷണ്‍മുഖനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് പോയത്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകന്‍ വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
വീട്ടില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് അച്ഛനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് വയോധികന്‍ ഉണ്ടായിരുന്നത്.
സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവര്‍ ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവ് ഷണ്‍മുഖനുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മകന്‍ അജിത്ത് കിടപ്പുരോഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു.
സാമ്പത്തിക പ്രശ്‌നം കാരണമാണ് അച്ഛനെ നോക്കാന്‍ സാധിക്കാത്തതെന്നാണ് പോലീസിനോട് അജിത്ത് വ്യക്തമാക്കിയത്. എന്നാല്‍ അജിത്തിന്റെ രണ്ട് സഹോദരിമാരെ ഇവരുടെ വീട്ടില്‍ കയറാനോ അച്ഛനെ കാണാനോ അനുവദിച്ചിരുന്നില്ലെന്നും സഹോദരി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സഹോദരങ്ങളുമായുള്ള തര്‍ക്കത്തില്‍ മുന്‍പ് പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതായി തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.