ഒരു തിരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇല്ലാതാകുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം: പി സരിന്‍

കോണ്‍ഗ്രസിന്റെ രക്ഷകനായി ബിജെപി അവതരിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം

ഒരു തിരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇല്ലാതാകുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം: പി സരിന്‍
ഒരു തിരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇല്ലാതാകുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം: പി സരിന്‍

പാലക്കാട്: നിഷ്പക്ഷമായി വരേണ്ടിയിരുന്ന വോട്ടുകളെ രാഷ്ട്രീയമായി കച്ചവടം ചെയ്തുവെന്ന് പാലക്കാട്ടെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്‍. പാലക്കാട് വോട്ട് നില പരിഗണിച്ച് പറഞ്ഞ കണക്കുകളില്‍ തെറ്റുപറ്റി. ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് ഉരുതിരിഞ്ഞ് വന്ന കണക്കുകളാണ് പറഞ്ഞിരുന്നത്. തെറ്റിയേക്കാമെന്ന് അപ്പോഴും പറഞ്ഞിരുന്നുവെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയില്‍ വോട്ട് വര്‍ധനയുണ്ടായില്ല. അതിന് കാരണം നിഷ്പക്ഷമായ വോട്ടുകള്‍ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ രക്ഷകനായി ബിജെപി അവതരിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന എസ്ഡിപിഐ പോലൊരു സംഘടനയാണ് കോണ്‍ഗ്രസിന്റെ പ്രചാരകരായി എത്തിയത്. എസ്ഡിപിഐ ആണ് കോണ്‍ഗ്രസിന് മുന്നേ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയത്. ചിലപ്പോള്‍ വഴിയേ എസ്ഡിപിഐ പ്രത്യക്ഷമായി കോണ്‍ഗ്രസുമായി ചേരുന്ന സ്ഥിതിയുണ്ടായേക്കാമെന്നും സരിന്‍ പറഞ്ഞു.

Also Read: ‘ഒരുമിച്ച് ഞങ്ങള്‍ ഇനിയും ഉയരത്തില്‍ കുതിക്കും’; മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മോദി

ജനങ്ങളില്‍ വിശ്വാസമുണ്ടായിരുന്നു, ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളിലേക്കെത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇല്ലാതാകുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം. അത് പാലക്കാട് ആയാലും കേരളത്തില്‍ ആയാലും. തെറ്റുകളും കുറവുകളും പഠിച്ച് തിരുത്തും.

രാഷ്ട്രീയത്തില്‍ നിലപാടുകളുടെ പേരില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ആ തോല്‍വി ഒരു അന്തസാണെന്ന് പ്രവര്‍ത്തകര്‍ നെഞ്ചില്‍ കൈവെച്ചു പറയുന്ന തിരഞ്ഞെടുപ്പ് പരാജയമാണിത്. തിരിച്ചടി ഒരു കരുത്താക്കി മാറ്റി എല്‍ഡിഎഫ് പ്രവര്‍ത്തിക്കും. നിലപാടുകളില്‍ വെള്ളം കലര്‍ക്കുന്ന യുഡിഎഫിനെ എന്നെങ്കിലും ജനം ചവറ്റുകൊട്ടയിലെറിയുന്ന കാലം വരുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

Top