ലണ്ടൻ: പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹാരിപോര്‍ട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന കഥാപാത്രം മാഗി സ്മിത്തിന് ലോകമെമ്പാടും ആരാധകരെ നേടികൊടുത്തു.
ബ്രിട്ടീഷ് നാടക, സിനിമ ഇതിഹാസമായ മാഗി സ്മിത്ത് രണ്ട് ഓസ്കറുകൾ നേടിയിട്ടുണ്ട്. 1934ലായിരുന്നു ജനനം. നാടകത്തിലൂടെയാണ് മാഗി സ്മിത്തിന്റെ കരിയറിന്റെ തുടക്കം. 1958ലെ മെലോഡ്രാമയായ നോവേർ ടു ഗോയിലൂടെ ആദ്യത്തെ ബാഫ്ത നാമനിർദേശം നേടി. 1965ൽ പുറത്തിറങ്ങിയ ഒഥല്ലോയിലൂടെ ആദ്യമായി ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ടു.
ദ പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി (1970), കാലിഫോർണിയ സ്യൂട്ട് (1979) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ഓസ്കർ നേടിയത്. എട്ട് ബാഫ്റ്റ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഡൗൺടൗൺ ആബി, ഹാരി പോട്ടർ എന്നിവയിലെ വേഷങ്ങളിലൂടെ ഏറെ പ്രശസ്തി നേടി.ടോബി സ്റ്റീഫൻസ്, ക്രിസ് ലാർകിൻ എന്നിവർ മക്കളാണ്.