അവസാന മത്സരത്തിൽ നദാലിന് തോൽവി; വികാരഭരിതനായി വിടവാങ്ങല്‍

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 92 കിരീടങ്ങളാണ് ഇതിഹാസ താരം നേടിയെടുത്തത്

അവസാന മത്സരത്തിൽ നദാലിന് തോൽവി; വികാരഭരിതനായി വിടവാങ്ങല്‍
അവസാന മത്സരത്തിൽ നദാലിന് തോൽവി; വികാരഭരിതനായി വിടവാങ്ങല്‍

മലാഗ: നീണ്ട 22 വര്‍ഷത്തെ കരിയർ അവസാനിപ്പിച്ച് ടെന്നീസിനോട് വിടപറഞ്ഞ് ഇതിഹാസ താരം റാഫേൽ നദാൽ. ഡേവിസ് കപ്പിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് നദാലിന്റെ വിടവാങ്ങൽ. അവസാന മത്സരത്തിന് മുന്നോടിയായി സ്‌പെയിനിന്റെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് നദാല്‍ വികാര ഭരിതനായി. ഡേവിസ് കപ്പിന് ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ നദാല്‍ വ്യക്തമാക്കിയിരുന്നു. ക്വാർട്ടർ ഫൈനലിൽ സ്പെയിൻ നെതർലൻഡുമായി കൊമ്പുകോർത്തപ്പോൾ സിംഗിൾസ് പോരാട്ടത്തിൽ റാഫേൽ നദാൽ ബോട്ടിക് വാൻ ഡി സാൻഡ്‌സ്ചൽപ്പിനോടാണ് പരാജയപ്പെട്ടത്.

സ്പെയിനിലെ മലാഗയിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു നദാൽ കാഴ്ച്ചവെച്ചത്. രണ്ടാം സെറ്റില്‍ നദാല്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലെത്തിയപ്പോഴേക്കും നദാലിനെ കൈവിട്ടു. ഡേവിസ് കപ്പില്‍ 29 മത്സരങ്ങള്‍ നീണ്ട നദാലിന്റെ വിജയപരമ്പരയ്ക്കും ഇതോടെ അവസാനമായി. അടുത്ത സിംഗിള്‍സിലും ഡബിള്‍സിലും ജയിച്ചില്ലെങ്കില്‍ സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. അതോടെ നദാലിന്റെ അവസാന മത്സരവും ഇതുതന്നെയാകും.

Also Read: ലൗതാരോയുടെ വക സുന്ദരമായ ഒരു ഗോള്‍: പെറുവിനെതിരെ അര്‍ജന്റീനക്ക് ജയം

വർഷങ്ങളായി നദാലിനെ നിരന്തരം പരിക്കുകൾ വേട്ടയാടിയിരുന്നു. ജൂലൈ മുതൽ ഒരു ഔദ്യോഗിക സിംഗിൾസ് മത്സരം പോലും കളിക്കാൻ നദാലിന് കഴിഞ്ഞിരുന്നില്ല. ഈ വർഷം നടന്ന പാരീസ് ഒളിമ്പിക്സിലാണ് നദാൽ അവസാനമായി മത്സരിച്ചത്. ”വളരെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഇവിടെ വരെയെത്തിയ ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് കുട്ടിക്കാലം തൊട്ട് ടെന്നീസ് പരിശീലിപ്പിച്ച അമ്മാവനോട്. എന്റെ കുടുംബവും മറ്റുള്ളവരും കരുതിയതിനേക്കാള്‍ അധികം അവര്‍ക്ക് നല്‍കിയെന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍ മടങ്ങുന്നത്. ഞാന്‍ സ്വപ്‌നം കണ്ടതിലും വലുത് നേടിയെടുക്കാന്‍ കഴിഞ്ഞു. ഒരു നല്ല വ്യക്തിയായി ഓര്‍മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും” വിടവാങ്ങല്‍ പ്രസംഗത്തില്‍ ആരാധകരോട് നദാല്‍ പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 92 കിരീടങ്ങളാണ് ഇതിഹാസ താരം നേടിയെടുത്തത്. ഇതില്‍ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഉള്‍പ്പെടുന്നു. സ്‌പെയിന്‍ ടീമിനൊപ്പം നാല് തവണ ഡേവിസ് കപ്പ് നേടി. 14 തവണ ഫ്രഞ്ച് ഓപണ്‍ കിരീടവും ഒരു ഒളിംപിക്‌സ് സ്വര്‍ണവും നദാലിന്റെ കരിയറിന് മാറ്റുകൂട്ടുന്നു. പുരുഷ ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന നദാലിന്റെ റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് മറികടന്നത്.

Top