തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ച് ഇറങ്ങണമെന്നും ദുരന്തം ആവർത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നമ്മുടെ മുന്നിൽ രാഷ്ട്രീയ പരിഗണനകളൊന്നുമില്ല. വേദന അനുഭവിക്കുന്ന സാധാരണക്കാരായവരുടെ മുഖം മാത്രമാണ് മുന്നിലുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു.
വലിയൊരു ദുരന്തമാണിത്. ഇത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നമ്മൾ ആലോചിക്കണം. അതോടൊപ്പം ദുരന്തത്തിൽപെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്തെല്ലാം ചെയ്യാമെന്ന് ആലോചിക്കണം. കാണാതായവരെ കണ്ടെത്തുന്നതിനാണ് ഇപ്പോൾ പ്രധാന്യം നൽകുന്നത്. തുടർന്ന് രണ്ടാമത്തെ കാര്യം ക്യാമ്പുകളിൽ ദീർഘകാലം കഴിയാനാകില്ല. കൂടാതെ വല്ലാത്ത ആഘാതത്തിൽ കഴിയുന്നവരാണ് അവർ. അവർക്കാവശ്യമായ കൗൺസിലിങ് ഇപ്പോൾ കൊടുക്കുന്നുണ്ട്. അവർക്ക് ആരോഗ്യപരമായ കാര്യങ്ങൾ ചെയ്തുകൊടുക്കണം. അതിനേക്കാൾ പ്രധാനം ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസമാണ്. ദുരന്ത സ്ഥലത്തേക്ക് വീണ്ടും അവരെ തിരിച്ചയക്കരുത്. വെറെ സ്ഥലം കണ്ടെത്തി അവിടെ അവർക്ക് ഒരു ടൗൺഷിപ്പ് നിർമിച്ചുനൽകണം. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം അടക്കമുള്ള കാര്യങ്ങൾ ചെയ്തു നൽകണം.
എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് ഉണ്ടാക്കി നൽകിയാൽ മാത്രം പോര. പല കുടുംബങ്ങളുടെ ആശ്രയമായിരുന്ന അംഗങ്ങൾ വിട്ടുപോയി. തൊഴിൽ നൽകണം. അവർക്ക് വരുമാന മാർഗം ഉണ്ടാക്കണം. ഏറ്റവും കൃത്യമായ പുനരധിവാസം നടപ്പാക്കണം. രാജ്യത്തിന് തന്നെ മാതൃകയായ ഒരു ടൗൺഷിപ്പ് ഒരുക്കണം. കോൺഗ്രസ് നിർമിച്ചു നൽകുന്ന 100 വീടുകൾ അത്തരത്തിൽ നിർമിച്ച് നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്. നഷ്ടമായ ഭൂമിക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകണം. അവർക്ക്ജീ വിതസാഹചര്യം അവർക്ക് ഒരുക്കി നൽകണം.
ഇത്തരം കാര്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം കേരളം അപകടത്തിലാണ്. ഏതുസമയത്തും ഇനിയും മേഘവിസ്ഫോടനം ഉണ്ടാകാം. ഏതുസമയത്തും അപകടകരമായ മഴ പെയ്യാം, ഏതുസമയത്തും വേലിയേറ്റം ഉണ്ടാകാം. അതിനാൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽനിന്ന് ഉൾപ്പടെ ആളുകളെ മാറ്റിപാർപ്പിക്കണം. അവർക്ക് പുനരധിവാസം നടക്കുന്നതിനൊപ്പം തന്നെ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങൾ കൃത്യമായി നടപ്പാക്കണം. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.