കേംബ്രിഡ്‍ജ്: വംശനാശം സംഭവിച്ച ജീവികളോടും ഇനി സംസാരിക്കാം.അതിനൊരു അവസരമൊരുക്കുകയാണ് കേംബ്രിഡ്‍ജ് സർവകലാശാലയുടെ മ്യൂസിയം ഓഫ് സുവോളജി. വംശനാശം സംഭവിച്ച ഡോഡോ പക്ഷിയോടും ചുവന്ന പാണ്ടയോടുമെല്ലാം നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനാകും. ഉത്തരമായി അവര് പറയുന്ന കഥകളൊക്കെ കേൾക്കാം.
നിർമ്മിതബുദ്ധി (എ.ഐ.) വഴിയാണ് ചില്ലുകൂട്ടിലെ അസ്ഥികൂടങ്ങൾ സന്ദർശകരുമായി സംസാരിക്കുന്നത്. മൊബൈൽഫോൺ ഉപയോഗിച്ച് ക്യൂആർ കോഡ് സ്കാൻ ചെയ്യണമെന്ന് മാത്രം. കേംബ്രിജ് സർവകലാശാലയുടെ മ്യൂസിയം ഓഫ് സുവോളജിയുടെ ഈ സംവിധാനത്തിലൂടെ 13 ജീവിവർഗ മാതൃകകളാണ് സംസാരിക്കുക. ഈ സംവിധാനത്തിന്‍റെ ആദ്യഘട്ടം മാത്രമാണിത്. ജീവികളുണ്ടായ കാലത്തിന്‍റെ പ്രത്യേകതകളും അവ നേരിട്ട പ്രതിസന്ധികളും മനുഷ്യരെ അറിയിക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
ജീവികളുടെ കാഴ്ചപ്പാടിൽ നിന്നാണ് ആശയവിനിമയമെന്ന് അധികൃതർ പറയുന്നു. സന്ദർശകരുടെ പ്രായത്തിനനുസരിച്ചാവും ഇവ മറുപടി പറയുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്പാനിഷ്, ജാപ്പനീസ് ഉൾപ്പെടെ 20 ഭാഷകളിൽ ജീവിവർഗത്തിന്റെ മറുപടി ലഭ്യമാണ്. തിമിംഗലത്തിനോട് ”ജീവിച്ചിരുന്നപ്പോൾ കണ്ടുമുട്ടിയ പ്രശസ്തരാര്?” എന്ന് ചോദിച്ചാൽ ”മനുഷ്യനെപ്പോലെ ഞാനൊരു പ്രശസ്തരെയും കണ്ടിട്ടില്ല.” എന്ന തരത്തിലുള്ള മറുപടികളാകും ലഭിക്കുന്നത്.