തിരുവനന്തപുരം: ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അൽപം കൂടി കാത്തിരിക്കാൻ സിപിഐഎം തീരുമാനം. ഏത് ഘട്ടത്തിലേക്ക് കാര്യങ്ങൾ പോകുന്നത് നോക്കട്ടെ എന്ന നിലപാടാണ് പാർട്ടിക്ക് ഇപ്പോൾ ഉള്ളതെന്നാണ് സിപിഐഎം വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
രഞ്ജിത്ത് സ്വയംരാജിവെച്ച് പോകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം നേതൃത്വം. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ഇടതുമുന്നണി നേതൃത്വത്തോട് സിപിഐ ആവശ്യപ്പെട്ടു കഴിഞ്ഞു. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സിപിഐ ആവശ്യപ്പെട്ടു. മുന്നണി നേതൃത്വത്തെ സിപിഐ നേതൃത്വം അതൃപ്തി അറിയിച്ചു. രഞ്ജിത്തിനെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് സിപിഐ വ്യക്തമാക്കുന്നത്.
Also read: രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവച്ചേക്കും
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചേക്കുമെന്നാണ് സൂചന. രഞ്ജിത്തിനോട് രാജി വെക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും വിവരമുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ:
‘ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രഞ്ജിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി,’ ശ്രീലേഖ പറഞ്ഞു.