പ്രാഥമിക ഓഹരി വില്‍പന 904 രൂപയ്ക്ക്, പിന്നീട് നിക്ഷേപകരെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് 534 രൂപ വരെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇപ്പോഴിതാ ഓഹരി വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 1190 രൂപയിലാണ് ഇന്ന് എല്‍ഐസി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ എല്‍ഐസിയുടെ വിപണി മൂല്യം 7.34 ലക്ഷം കോടി രൂപയിലെത്തി. സെന്‍സെക്‌സില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഇന്ത്യയിലെ എട്ടാമത്തെ വലിയ കമ്പനിയായി എല്‍ഐസി മാറി.
ലിസ്റ്റുചെയ്ത പൊതുമേഖലാ കമ്പനികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി എന്ന പദവിയും എല്‍ഐസിക്ക് ലഭിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് എല്‍ഐസിക്ക് മുന്നിലുള്ളത്. ഈ വര്‍ഷം ഇതുവരെ എല്‍ഐസി ഓഹരി വില ബിഎസ്ഇയില്‍ 39.2 ശതമാനം ആണ് ഉയര്‍ന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എല്‍ഐസി അറ്റാദായത്തില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 9,544 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 683 കോടി രൂപയായിരുന്നു. അറ്റാദായം 14 മടങ്ങാണ് വര്‍ധിച്ചത്. ഇതിനുപുറമെ കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,68,881 കോടി രൂപയായിരുന്നത് 1,88,749 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ, ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്തം പ്രീമിയം വരുമാനം 98,363 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 98,352 കോടി രൂപയായിരുന്നു.