റിയാദ്: കുഴൽക്കിണറുകൾക്ക് ലൈസൻസ് നിർബന്ധമാണെന്നും അതില്ലാത്ത കുഴൽക്കിണറിലെ വെള്ളം ഉപയോഗിച്ചാൽ 50,000 റിയാൽ പിഴ ചുമത്തുമെന്നും സൗദി പരിസ്ഥിതി-ജലം കൃഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജല ഉപയോഗ നിയമവും നിർവഹണ ചട്ടങ്ങളും അനുസരിച്ച് ഭൂഗർജ്ജല സ്രോതസ്സുകൾ (കുഴൽക്കിണറുകൾ) ഉപയോഗിക്കുന്നതിനുള്ള ലൈസൻസുകൾ നൽകുന്നതിനും അവയുടെ ലംഘനങ്ങൾ തരം തിരിക്കുന്നതിനുമുള്ള പുതിയ വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിശദാംശങ്ങൾ ചുവടെ:
ലൈസൻസില്ലാതെ കുഴൽക്കിണർ കുഴിക്കാനോ നിലവിലുള്ളത് വികസിപ്പിക്കാനോ അതിലുള്ള വെള്ളം ഉ പയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഭൂഗർഭജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉപയോഗങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് ലൈസൻസ് ഏർപ്പെടുത്തിയത്. പുതിയ വ്യവസ്ഥകൾ പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഒന്നോ അതിലധികമോ കുഴൽക്കിണറുകളുള്ള എല്ലാവരും ലൈസൻസിനുവേണ്ടി അപേക്ഷിക്കണം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ട്.
പുതിയ കിണർ കുഴിക്കുകയോ, ആഴം കൂട്ടുകയോ, പഴയ കിണർ വൃത്തിയാക്കുകയോ ചെയ്യുന്നതിനെല്ലാം ഈ നിയന്ത്രണങ്ങൾ ബാധകമാണ്. കിണർ നിർമാണം, ആഴം കൂട്ടൽ അല്ലെങ്കിൽ വൃത്തിയാക്കൽ എന്നിവ പൂർത്തിയാക്കിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഉപയോഗത്തിനുള്ള ലൈസൻസ് നേടണം. അല്ലെങ്കിൽ നിലവിലുള്ള ലൈസൻസിൽ ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ അപേക്ഷിക്കണം. കിണറുള്ള ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുമ്പോൾ ഉപയോഗ ലൈസൻസ് കൈമാറുന്നതിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Also read: ന്യൂ ഗ്ലോബൽ സ്പോർട്സിന് വേദിയായി റിയാദ്
പുതിയ ഉടമ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്‌ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ആവശ്യമായ നിബന്ധനകൾ പൂർത്തിയാക്കിയതിനുശേഷം ഉപയോഗ ലൈസൻസ് കൈമാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. മുൻ ഉടമക്ക് ലൈസൻസ് ഇല്ലെങ്കിൽ പുതിയ ഉപയോഗ ലൈസൻസിന് അപേക്ഷിക്കണം. ലൈസൻസിലെ ആവശ്യത്തിനല്ലാതെ മറ്റു ആവശ്യങ്ങൾക്ക് ഭൂഗർഭജല സ്രോതസ്സുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ആവശ്യമാണെങ്കിൽ പുതിയ ഉപയോഗ ലൈസൻസ് നേടേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.