പൂജപ്പുര ഇരട്ടക്കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

പൂജപ്പുര ഇരട്ടക്കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും
പൂജപ്പുര ഇരട്ടക്കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം∙ പൂജപ്പുര മുടവൻമുകൾ സ്വദേശികളായ സിഐടിയു തൊഴിലാളി സുനിൽകുമാർ, മകൻ എസ്.അഖിൽ എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ സുനിൽകുമാറിന്റെ മരുമകൻ മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ അരുണിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

അഞ്ച് ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡിഷനൽ സെഷൻസ് ജഡ്‌ജ് കെ.വിഷ്ണുവിന്റേതാണ് വിധി.

2021 ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അരുൺ ഭാര്യയായ അപർണയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. രണ്ടു വയസ്സായ മകളെയും കൂട്ടി അപർണ പൂജപ്പുരയിലെ സ്വന്തം വീട്ടിലേക്കു വന്നു.

തുടർന്ന്, അരുൺ ഫോണിലൂടെ കൊല്ലപ്പെട്ട സുനിൽകുമാറിനെയും അഖിലിനെയും ഭീഷണിപ്പെടുത്തി. 2021 ഒക്ടോബർ 12ന് രാത്രി 8 മണിയോടെ അരുൺ അപർണയെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞു. തുടർന്ന് ഫോണെടുത്ത അഖിലിനെ ഭീഷണിപ്പെടുത്തി.

എട്ടര മണിയോടെ പൂജപ്പുരയിലുള്ള ഭാര്യവീട്ടിൽ വന്ന് അരുൺ വഴക്കുണ്ടാക്കി. സുനിൽകുമാറിനെയും അഖിലിനെയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ചു. തടസം നിന്ന സുനിൽകുമാറിന്റെ ഭാര്യ ഷീനയെ കുത്താൻ ഓടിച്ചു. കുത്തുകൊണ്ട സുനിൽകുമാറിനെയും അഖിലിനെയും നാട്ടുകാരും പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപർണയും അമ്മ ഷീനയും അയൽവാസിയായ വിനോദും പ്രതിക്കെതിരെ മൊഴി നൽകി. കുത്താനുപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും അഖിലിന്റെ രക്തത്തിന്റെ അവശിഷ്ടം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. പ്രതി ഡോക്‌ടറോട് പറഞ്ഞ കുറ്റസമ്മത മൊഴിയും പ്രധാന തെളിവായി.

പിഴത്തുക മുഴുവനും മരണപ്പെട്ട സുനിൽകുമാറിന്റെ ഭാര്യയായ ഷീനയ്ക്ക് നൽകാൻ കോടതി ഉത്തരവായി. പൂജപ്പുര സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന ആർ.റോജ്, എസ്.ഐ: എൻ.ജി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചത്.

Top