തിരുവനന്തപുരം: ലൈഫ് മിഷന് 350 കോടിരൂപകൂടി അനുവദിച്ചു. ഗ്രാമപ്പഞ്ചായത്തുകളിലെ 22,500 പേര്‍ക്ക് വീടുപണിയാനാണിത്. തിങ്കളാഴ്ചമുതല്‍ തുക വിതരണംചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും പണം നല്‍കാനാകും. 2026-ഓടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
2022-ല്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് 1448.34 കോടിരൂപയുടെ വായ്പ എടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ 1000 കോടിയുടെ ഗാരന്റി സര്‍ക്കാര്‍ നല്‍കി. 69,217 പേര്‍ക്ക് തുക വിതരണംചെയ്തു. സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
ബാക്കിയുള്ള 448.34 കോടിരൂപയുടെ ഗാരന്റി സര്‍ക്കാര്‍ നല്‍കിയതോടെയാണ് ഇപ്പോള്‍ തുക അനുവദിച്ചത്. നഗരസഭകള്‍ക്ക് 217 കോടിരൂപ ഒരുമാസത്തിനകം നല്‍കാമെന്നും പ്രതീക്ഷിക്കുന്നു. ഹഡ്കോ വായ്പയുടെ പലിശ പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും.