CMDRF

‘പാകിസ്താനെ പോലെ ഇന്ത്യയും അക്കാര്യം മറന്നുപോയി’ : ബാസിത് അലി

‘പാകിസ്താനെ പോലെ ഇന്ത്യയും അക്കാര്യം മറന്നുപോയി’ : ബാസിത് അലി
‘പാകിസ്താനെ പോലെ ഇന്ത്യയും അക്കാര്യം മറന്നുപോയി’ : ബാസിത് അലി

ഇസ്ലാമാബാദ്: ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ പാക് താരം ബാസിത് അലി. സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്ന് പാകിസ്താന്‍ ടീമിന് പിന്നാലെ ഇന്ത്യയും മറന്നുപോയെന്നായിരുന്നു വിമര്‍ശനം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇല്ലാതെ ഇന്ത്യയുടെ ഏകദിന ടീം പൂര്‍ണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്പിന്നര്‍മാര്‍ക്കെതിരെ എങ്ങനെ ബാറ്റുചെയ്യണമെന്ന് പാകിസ്താനുശേഷം ഇന്ത്യയും മറന്നുപോയെന്ന് എനിക്ക് തോന്നുന്നു. അത് ഒരുപക്ഷേ ടി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാവാം’, ബാസിത് ഒരു യുട്യൂബ് വീഡിയോയിലൂടെ പ്രതികരിച്ചു. ശിവം ദുബെ പുറത്തായത് തന്നെ വിഷമിപ്പിച്ചെന്നും ബാസിത് പറഞ്ഞു. ‘ദുബെയ്ക്ക് പന്ത് കൃത്യമായി റീഡ് ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറും കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ പുറത്താവുകയായിരുന്നു.

‘ശിവം ദുബെയെ ടി20യില്‍ മാത്രമായി നിലനിര്‍ത്തണം. അദ്ദേഹത്തെ ഏകദിനത്തിലേക്ക് തിരഞ്ഞെടുക്കരുത്. അല്ലെങ്കില്‍ ദുബെയെ 50 ഓവര്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിപ്പിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇല്ലാതെ ഇന്ത്യയുടെ ഏകദിന ടീം പൂര്‍ണമാവില്ല’, ബാസിത് കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 32 റണ്‍സിന്റെ പരാജയം വഴങ്ങിയിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ലങ്കന്‍ സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

Top