CMDRF

വിരമിക്കൽ സൂചന നല്‍കി ലയണല്‍ മെസ്സി

എനിക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം അര്‍ജന്റീനയ്‌ക്കൊപ്പമുണ്ടാകുക എന്നതാണ് ഇപ്പോള്‍ പദ്ധതി

വിരമിക്കൽ സൂചന നല്‍കി ലയണല്‍ മെസ്സി
വിരമിക്കൽ സൂചന നല്‍കി ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരായ തകർപ്പൻ ജയത്തിനു ശേഷം അര്‍ജന്റീനയിലെ തന്റെ ഭാവിയെ കുറിച്ചും വിരമിക്കലിനെ കുറിച്ചും നേരിയ സൂചന നല്‍കി ലയണല്‍ മെസ്സി. ബൊളീവിയക്കെതിരേ അര്‍ജന്റീന എതിരില്ലാത്ത ആറു ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ മെസ്സിയുടെ 10-ാം ഹാട്രിക്ക് കൂടിയായിരുന്നു ഇത്. ഇതോടെ മെസ്സി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഹാട്രിക്കുകളെന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. മത്സരത്തിനു പിന്നാലെ 2026-ല്‍ അര്‍ജന്റീനയ്ക്കായി ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മെസ്സി മറുപടി നല്‍കിയത്.

Also Read: ബൊളീവിയക്കെതിരെ അർജന്‍റീനയുടെ വമ്പൻ ജയം; ഹാട്രിക്ക് ആവേശത്തിൽ സൂപ്പർ താരം മെസ്സി

”എന്റെ ഭാവിയെക്കുറിച്ച് ഞാന്‍ ഒരു പ്രത്യേക തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ല. ഞാന്‍ ഇതെല്ലാം ആസ്വദിക്കുകയാണ്. ഞാന്‍ എന്നത്തേക്കാളും കൂടുതല്‍ വികാരാധീനനാണ്, ജനങ്ങളില്‍ നിന്ന് അവരുടെ എല്ലാം സ്‌നേഹവും ഞാന്‍ സ്വീകരിക്കുന്നു, കാരണം ഇവ എന്റെ അവസാന മത്സരങ്ങളായിരിക്കുമെന്ന് എനിക്കറിയാം.” – മെസ്സി പറഞ്ഞു.

എനിക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം അര്‍ജന്റീനയ്‌ക്കൊപ്പമുണ്ടാകുക എന്നതാണ് ഇപ്പോള്‍ പദ്ധതിയെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന ആരാധകരുടെ വാത്സല്യം ആസ്വദിക്കാന്‍ സാധിക്കുമെന്നതിനാല്‍ നാട്ടില്‍ കളിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top