ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എ.എ.പി നേതാവ് മനീഷ് സിസോദിയ, ബി.ആര്‍.എസ് നേതാവ് കെ. കവിത എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ആഗസ്റ്റ് ഒമ്പത് വരെ നീട്ടി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രത്യേക ജഡ്ജി കാവേരി ബാജ്‌വയാണ് കസ്റ്റഡി നീട്ടിയതായി ഉത്തരവിറക്കിയത്. തിഹാര്‍ ജയിലില്‍ നിന്ന് മൂന്നുപേരെയും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഡല്‍ഹി റൗസ് അവന്യൂകോടതിയില്‍ ഹാജരാക്കിയത്.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാള്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ വിധി പറയുന്നത് തിങ്കളാഴ്ച ഡല്‍ഹി കോടതി മാറ്റി വെച്ചിരുന്നു. കേസില്‍ കെജ്രിവാളിനെതിരെ സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മദ്യനയത്തിന്റെ മുഖ്യ സൂത്രധാരന്‍ കെജ്രിവാള്‍ ആണെന്നായിരുന്നു സി.ബി.ഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്. നേരത്തേ കെജ്രിവാളിനെ പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇ.ഡി കേസില്‍ ജൂലൈ 12ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.