CMDRF

ചിക്കബല്ലാപ്പൂര്‍ വോട്ടര്‍മാര്‍ക്ക് നന്ദിപ്രകടനമായി മദ്യ വിതരണം; പങ്ക് നിഷേധിച്ച് ബിജെപി എംപി

ചിക്കബല്ലാപ്പൂര്‍ വോട്ടര്‍മാര്‍ക്ക് നന്ദിപ്രകടനമായി മദ്യ വിതരണം; പങ്ക് നിഷേധിച്ച് ബിജെപി എംപി
ചിക്കബല്ലാപ്പൂര്‍ വോട്ടര്‍മാര്‍ക്ക് നന്ദിപ്രകടനമായി മദ്യ വിതരണം; പങ്ക് നിഷേധിച്ച് ബിജെപി എംപി

ചിക്കബല്ലാപ്പൂര്‍: പൊതു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചിക്കബല്ലാപ്പൂര്‍ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നന്ദി സൂചകമായി നടത്തിയ സൗജന്യ മദ്യ വിതരണത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. ചിക്കാബല്ലാപ്പൂര്‍ എംപിയുടെ പങ്ക് ആരോപിച്ച് എക്‌സ് ഹാന്‍ഡിലുകളില്‍ ഈ ദൃശ്യങ്ങള്‍ വന്‍തോതില്‍ പങ്കുവെയ്ക്കപ്പെട്ടിരുന്നു. വീഡിയോ ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിലെ പങ്ക് നിഷേധിച്ച് ചിക്കബല്ലാപ്പൂര്‍ എംപി കെ സുധാകര്‍ രംഗത്ത് വന്നു. പാര്‍ട്ടിയില്‍ നിന്നോ സഖ്യകക്ഷിയായ ജെഡിഎസില്‍ നിന്നോ മദ്യവിതരണം സംഘടിപ്പിച്ചെങ്കില്‍ തെറ്റാണെന്നും ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും സുധാകര്‍ പറഞ്ഞു.

മദ്യവിതരണത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ ഉത്തരവാദികളാണോ അതോ, പങ്കെടുത്തവര്‍ സ്വന്തം നിലയില്‍ മദ്യം കഴിച്ചതാണോ എന്നതില്‍ തനിക്ക് ഉറപ്പില്ലെന്നും ബിജെപി എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ കരിയറില്‍ ഒരിക്കലും രാഷ്ട്രീയ ലക്ഷ്യത്തോടെ മദ്യം വിതരണം ചെയ്തിട്ടില്ലെന്നും സംഭവം വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നേരത്തെ ചിക്കബല്ലാപൂര്‍ എംപിയുടെ ലെറ്റര്‍ ഹെഡിന് കീഴില്‍, മദ്യം വിളമ്പാനുള്ള അനുമതിയും സുരക്ഷാ വിന്യാസവും പോലീസ് വകുപ്പിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ട്രക്കുകളില്‍ കൊണ്ടുവന്ന മദ്യക്കുപ്പികള്‍ ശേഖരിക്കാന്‍ ആളുകള്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാല്‍, പരിപാടിയില്‍ മദ്യം വിളമ്പരുതെന്ന് ബാംഗ്ലൂര്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് സംഘാടകരോട് പറഞ്ഞിരുന്നു. നിയമലംഘനം നടത്തിയാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഈ മുന്നറിയിപ്പ് സംഘാടകര്‍ അവഗണിക്കുകയായിരുന്നു.

ഇതിനിടെ സംഭവത്തില്‍ സംസ്ഥാന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മദ്യം വിതരണം ചെയ്യുന്നത് ബിജെപിയുടെ സംസ്‌കാരമാണോ എന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വിശദീകരണം നല്‍കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഡെങ്കിപ്പനി പിടിപെടുമ്പോള്‍ ബിജെപി നേതാക്കള്‍ മദ്യം വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുവും വിമര്‍ശിച്ചു.

Top