മദ്യനയ അഴിമതിക്കേസ്; സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് കെജ്രിവാൾ

മദ്യനയ അഴിമതിക്കേസ്; സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് കെജ്രിവാൾ
മദ്യനയ അഴിമതിക്കേസ്; സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് കെജ്രിവാൾ

ഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡൽഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ പൂർണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ അഭിഭാഷകന്റെ നടപടി. ഹർജി പിൻവലിക്കാൻ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അനുമതി നൽകി. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്തി അരവിന്ദ് കെജ്രിവാൾ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.

ഇതിനിടെ മദ്യനയ അഴിമതിക്കേസിൽ സിബിഐ കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റൗസ് അവന്യൂ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെയാണ് സിബിഐ നടപടി. കെജ്രിവാളിനെ സിബിഐ വൈകാതെ ചോദ്യം ചെയ്യും. ഡൽഹി മദ്യനയ അഴിമതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്.

തിഹാർ ജയിലിൽ നിന്ന് റൗസ് അവന്യൂ കോടതിയിൽ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാനുള്ള അനുമതി സിബിഐ തേടി. അപേക്ഷ പ്രത്യേക സിബിഐ കോടതി അംഗീകരിച്ചതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാനും സിബിഐ കോടതി അന്വേഷണ ഏജൻസിക്ക് അനുമതി നൽകി. ലെഫ്റ്റനനന്റ് ഗവർണ്ണർ വികെ സക്‌സേനയുടെ ശുപാർശ അനുസരിച്ചാണ് കേന്ദ്ര സർക്കാർ നേരത്തെ സിബിഐ അന്വേഷണത്തിന് തീരുമാനമെടുത്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കോടതി ജാമ്യം നൽകിയതിന് പിന്നാലെയാണ് സിബിഐയുടെ അറസ്റ്റ്.

Top