ഡല്‍ഹി: മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യം നീട്ടുന്നതിനായി വിചാരണക്കോടതിയെ സമീപിച്ച അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത് ജൂണ്‍ ഒന്നിലേക്ക് മാറ്റി. നേരത്തെ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം നേടിയിരുന്ന കെജ്രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് വരാനിരിക്കെ തന്റെ ജാമ്യ കാലയളവ് ഒരാഴ്ച്ച കൂടി നീട്ടാന്‍ കെജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണക്കവെയാണ് വാദം ജൂണ്‍ ഒന്നിലേക്ക് മാറ്റിയത്.
അതേസമയം കെജ്രിവാളിന്റെ ജാമ്യാപേക്ഷയിലും ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തിലും സുപ്രീം കോടതി ഇഡിയുടെ വിശദീകരണം തേടിയിട്ടുണ്ട്. കെജ്രിവാളിന്റെ ജാമ്യം ഒരു കാരണവശാലും നീട്ടരുതെന്ന നിലപാടിലാണ് ഇഡി. ആരോഗ്യ പ്രശ്‌നങ്ങളെന്ന് പറഞ്ഞു ജാമ്യമെടുത്ത് പുറത്തിറങ്ങിയ കെജ്രിവാള്‍ ഓടി നടന്ന് പഞ്ചാബിലും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് എന്ന വാദവും ഇഡി നടത്തുന്നുണ്ട്. ജാമ്യം തീരാനൊടുവില്‍ മാത്രം അപേക്ഷ നല്‍കിയത് മറുപടി നല്‍കാന്‍ ഇഡിക്ക് സമയം കൂടുതല്‍ കിട്ടാതിരിക്കാന്‍ വേണ്ടിയാണെന്നും കുറ്റപ്പെടുത്തുന്നു.
ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ചിലാണ് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കെജ്രിവാളിന്് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. 21 ദിവസത്തേക്കായിരുന്നു ജാമ്യം അനുവദിച്ചത്.