120 കിലോമീറ്റർ വേഗതയിൽ ബംഗാളിൽ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാ​ഗ്രത നിർദേശം

120 കിലോമീറ്റർ വേഗതയിൽ ബംഗാളിൽ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാ​ഗ്രത നിർദേശം
120 കിലോമീറ്റർ വേഗതയിൽ ബംഗാളിൽ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാ​ഗ്രത നിർദേശം

കൊൽക്കത്ത: എകേദേശം 120 കിലോമീറ്ററോളം വേഗതയിൽ പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. സംസ്ഥാനത്ത് നേരത്തെ തന്നെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നതിനാൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. റേമൽ കരതൊട്ടപ്പോൾ തന്നെ ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ള രക്ഷാപ്രവർത്തക‌‍ർ ഉണർന്ന് പ്രവർത്തിച്ച് അപകടത്തിന്‍റെ തോത് കുറയ്ക്കാനുള്ള നീക്കത്തിലാണ്.

ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ റേമൽ ചുഴലിക്കാറ്റിന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും രക്ഷാ പ്രവർത്തനത്തിന് വേണ്ട സജ്ജീകരണങ്ങളുമടക്കം പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ധാരണായിരുന്നു.

പശ്ചിമ ബംഗാൾ, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും വടക്കൻ ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.ബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് 10000 ത്തോള്ളം ഗ്രാമീണരെ നേരത്തെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. മൊത്തം ഒരു ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

ഇത് ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ചുഴലിക്കാറ്റിനെ തുടർന്ന് വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളം ഇന്നലെ ഉച്ച മുതൽ ഇരുപത്തിയൊന്ന് മണിക്കൂർ നേരത്തേക്ക് അടച്ചിട്ടിരിക്കുയാണ്. 394 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. ഏത് സാഹചര്യവും നേരിടാൻ ത്രിപുരയിലും, ബംഗാളിലും, ഒഡീഷയിലും ദേശീയ ദുരന്തനിവാരണ സേനയടക്കം സജ്ജമാണ്.

Top