മെറ്റയുടെ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ലാമയുടെ പുതിയ പതിപ്പ് അടുത്തമാസം അവതരിപ്പിക്കും. ചൊവ്വാഴ്ച ലണ്ടനില്‍ നടന്ന കമ്പനിയുടെ എഐ ദിന പരിപാടിയില്‍ വെച്ചാണ് ലാമ-3 (Llama 3) അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. വിവിധങ്ങളായ ജനറേറ്റീവ് എഐ സേവനങ്ങളില്‍ ഈ എഐ മോഡല്‍ അവതരിപ്പിക്കാനാവും. മെറ്റയുടെ തന്നെ വിവിധങ്ങളായ ഉല്പന്നങ്ങളിലും ലാമ 3 ഉപയോഗിക്കാം.
ഓപ്പണ്‍ എഐയുടെ ജിപിടി4, ഗൂഗിളിന്റെ ജെമിനി, എക്സ് എഐയുടെ ഗ്രോക്ക് എന്നിവയെ പോലെ സ്വാഭാവികമായ രീതിയിലുള്ള ഭാഷകൈകാര്യം ചെയ്യാന്‍ കഴിവുള്ള ലാര്‍ജ് ലാംഗ്വേജ് എഐ മോഡലാണ് മെറ്റയുടെ ലാമ എഐയും.
2023 ലാണ് മെറ്റ ‘ലാമ 2’ മോഡല്‍ അവതരിപ്പിച്ചത്. ഓപ്പണ്‍ സോഴ്സ് മോഡലാണിത്. ലാമ 2 ന്റെ ചില പരിമിതികള്‍ പരിഹരിച്ചുകൊണ്ടും പുതിയ കഴിവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുവാണ് ലാമ 3 ഒരുക്കിയിരിക്കുന്നത് എന്ന് മെറ്റ പറയുന്നു. ലാമ 2 നേക്കാള്‍ ശക്തിയും കഴിവുമുള്ള വലിയ എഐ മോഡല്‍ ആയിരിക്കും ലാമ3. അതിനാല്‍ തന്നെ പലവിധങ്ങളായ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ കൃത്യമായ മറുപടി നല്‍കാന്‍ ഇതിനാകും.
ലാമ 3 യും ഓപ്പണ്‍ സോഴ്സ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍ സോഴ്സ് ആണെങ്കില്‍ ഡെവലപ്പര്‍മാര്‍ക്ക് സ്വന്തം ഉല്പന്നങ്ങള്‍ക്ക് വേണ്ടി ലാമ 3 ഉപയോഗിക്കാനാവും.