പാലക്കാട്: ലോഡ് ഷെഡ്ഡിംഗ് ഉടന്‍ ഉണ്ടാകില്ലെന്നും അപ്രഖ്യാപിത പവര്‍ക്കട്ട് മനഃപ്പൂര്‍വം അല്ല, അമിതമായ ഉപഭോഗം മൂലം സംഭവിക്കുന്നതാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിദിന ഉപഭോഗം 110.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതല്‍ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡ്ഡിംഗ് ഒവിവാക്കാനാണ് സര്‍ക്കാര്‍ തീവ്രമായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനാല്‍ വൈദ്യുതി ഉപയോഗവും കൂടിവരികയാണ്. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്നവും വൈദ്യുതിച്ചെലവും കെഎസ്ഇബിക്ക് തലവേദനയാകുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോക്താക്കളുടെ സഹകരണം തേടുകയാണ് വൈദ്യുതി ബോര്‍ഡ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാല്‍ ഇടയ്ക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കുന്നു എന്ന് ഉപയോക്താക്കളില്‍ നിന്നും നേരത്തേ പരാതി ഉയര്‍ന്നിരുന്നു. വൈകിട്ട് ആറുമുതല്‍ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നുവെന്നാണ് പരാതി.
ക്ഷാമം ഉണ്ടായാല്‍ ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും. ഇതിന് മുന്‍കൂര്‍ പണം നല്‍കണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കില്‍ നഷ്ടം കൂടും. ജലവൈദ്യുതി ഉത്പാദനം കൂട്ടിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കുന്നത്. ഉത്പാദനം ദിവസം 13 – 16 ദശലക്ഷം യൂണിറ്റായിരുന്നത് 21 ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി കുറഞ്ഞു. ഇത് തുടര്‍ന്നാല്‍ അടുത്ത മണ്‍സൂണ്‍ വരെ ജലവൈദ്യുതി ഉത്പാദനം നിലനിറുത്താനാകാതെ വരും. അതിനാല്‍ ഉപഭോഗം നിയന്ത്രിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്. വൈദ്യുതി വിതരണം നിയന്ത്രിച്ചിട്ടില്ലെന്നും രണ്ടര വര്‍ഷം കൊണ്ട് 21 സബ്‌സ്റ്റേഷനുകള്‍ നിര്‍മ്മിച്ചതിനാല്‍ വിതരണത്തിന് തടസമില്ലെന്നുമാണ് കെഎസ്ഇബി വ്യക്തമാക്കിയത്.