മുംബൈ: രാജ്യത്തെ വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ തുടര്‍ന്ന ആര്‍.ബി.ഐ തീരുമാനം ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്ക് ചുമത്തുന്ന പലിശനിരക്കായ റിപ്പോ 6.5 ശതമാനത്തില്‍ തുടരും. ആര്‍.ബി.ഐയിലെ ആറില്‍ നാല് പേരും പലിശനിരക്കുകളില്‍ മാറ്റവരുത്താത്ത തീരുമാനത്തെ പിന്തുണച്ചു.
നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ച അനുമാനം ആര്‍.ബി.ഐ ഉയര്‍ത്തി. ഏഴ് ശതമാനത്തില്‍ നിന്നും 7.2 ശതമാനമായാണ് വളര്‍ച്ച അനുമാനം ഉയര്‍ത്തിയത്. രാജ്യത്ത് സ്വകാര്യ ഉപഭോഗം വര്‍ധിക്കുകയാണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം, ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെന്‍സെക്‌സ് 520 പോയിന്റ് ഉയര്‍ന്നു. 75,609 പോയിന്റിലാണ് സെന്‍സെക്‌സില്‍ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 161 പോയിന്റ് ഉയര്‍ന്ന് 23,000ത്തിനടുത്തേക്ക് എത്തി.
വിപണിയില്‍ 2,408 ഓഹരികള്‍ മുന്നേറിയപ്പോള്‍ 644 എണ്ണത്തിന് തകര്‍ച്ചയുണ്ടായി. 89 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്. 240 രൂപ ഉയര്‍ന്ന് സ്വര്‍ണവില പവന് 54,080 രൂപയായി.