CMDRF

ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തീയിട്ട് നാട്ടുകാര്‍

ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തീയിട്ട് നാട്ടുകാര്‍
ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തീയിട്ട് നാട്ടുകാര്‍

ജാര്‍ഗ്രാം: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ പിടിയാനയ്ക്ക് തീയിട്ട് നാട്ടുകാര്‍. ഇരുമ്പ് ദണ്ഡുകളും പടക്കവും തീയും പടര്‍ന്ന് ആനയ്ക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമിലാണ് സംഭവം. പശ്ചിമ ബംഗാളിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ദാരുണ സംഭവം. നടന്നത്. ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താനായി രൂപീകരിച്ച ഹല്ലാ പാര്‍ട്ടിയിലെ ആളുകളാണ് ആനയ്ക്ക് തീയിട്ടത്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ഹല്ല പാര്‍ട്ടിയുടെ ആക്രമണത്തില്‍ പിടിയാനയുടെ ശരീരമെമ്പാടും പൊള്ളലേറ്റത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച കാട്ടാന ചരിയുകയായിരുന്നു.

ചെണ്ട കൊട്ടിയും ബഹളം വച്ചുമെല്ലാം കാട്ടാനകളെ തിരികെ കാട് കയറ്റുന്നതാണ് സാധാരണ നിലയില്‍ ഹല്ല പാര്‍ട്ടിയുടെ രീതി. എന്നാല്‍ ചിലയിടങ്ങളില്‍ ഹല്ല പാര്‍ട്ടികളില്‍ വന്യമൃഗങ്ങള്‍ക്കെിരെ ആക്രമണം ഉണ്ടാകാറുണ്ട്. മൂര്‍ച്ചയേറിയ ഇരുമ്പ് ദണ്ഡില്‍ തുണി ചുറ്റിയുണ്ടാക്കിയ പന്തമുപയോഗിച്ചുള്ള ആക്രമണമാണ് ഇതിലൊന്ന്. മാഷല്‍സ് എന്നാണ് ഇതിനെ പ്രാദേശികമായി വിശേഷിപ്പിക്കുന്നത്. ഗ്രാമത്തിലിറങ്ങിയ പിടിയാന അടക്കമുള്ള ആനക്കൂട്ടം ഗ്രാമീണനെ ആക്രമിച്ചതിന് പിന്നാലെ ആനകളെ തുരത്താനുള്ള ശ്രമമാണ് ഇത്തരത്തില്‍ വലിയ ക്രൂരതയിലേക്ക് വഴി മാറിയത്.

2018ല്‍ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് കാടിറങ്ങുന്ന വന്യജീവികള്‍ക്ക് പ്രത്യേകിച്ച് ആനകള്‍ക്കെതിരെ പന്തങ്ങള്‍ വലിച്ചെറിയുന്നതിന് വിലക്കുള്ളപ്പോഴാണ് ഇത്തരത്തിലെ ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് ശ്രദ്ധേയം. ആനകളെ തുരത്താനുള്ള ഹല്ല പാര്‍ട്ടികള്‍ ഇപ്പോള്‍ റാക്കറ്റുകളാണ് നയിക്കുന്നതെന്നാണ് മൃഗസ്‌നേഹികള്‍ അവകാശപ്പെടുന്നത്. ഹല്ല പാര്‍ട്ടികള്‍ക്കുള്ള ശമ്പളം വനംവകുപ്പാണ് നല്‍കുന്നത്. ആറ് കാട്ടാനകള്‍ അടങ്ങിയ കൂട്ടമാണ് ജാര്‍ഗ്രാമിലെത്തിയത്. നാട്ടുകാരില്‍ ഒരാള്‍ കാട്ടാനകളുടെ ആക്രമണത്തിന് ഇരയായി മരിച്ചിരുന്നു. കൂട്ടത്തിലെ അക്രമകാരിയായ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം സംഭവ സ്ഥലത്ത് ഉള്ളപ്പോഴാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ചെണ്ട കൊട്ടിയും വലിയ രീതിയില്‍ ശബ്ദമുണ്ടാക്കിയും കാട്ടാനകളെ തുരത്തുന്നത് പ്രാദേശികമായി പിന്തുടരുന്ന രീതിയാണെങ്കിലും ചിലയിടങ്ങളില്‍ ഇത്തരം വിരട്ടലുകള്‍ അക്രമങ്ങളിലേക്ക് വഴിമാറാറുണ്ട്. നേരത്തെ 2021ല്‍ തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ആനയയെ തുരത്താനായി ടയര്‍ കത്തിച്ച് എറിഞ്ഞതിന് പിന്നാലെ ഒരാന കൊല്ലപ്പെട്ടത് വലിയ കോലാഹലങ്ങള്‍ക്ക് കാരണമായിരുന്നു. സാധാരണ ഗതിയില്‍ 25 മുതല്‍ 50 പേര്‍ വരെയാണ് ഹല്ല പാര്‍ട്ടിയില്‍ കാണാറുള്ളത്. വടികളും ഫ്‌ലാഷ് ലൈറ്റുകളും ഉപയോഗിച്ച് ജനവാസ മേഖലകളില്‍ നിന്ന് കാട്ടാനകളെ തുരത്തുന്നതാണ് പ്രാഥമികമായി ഇത്തരം ഹല്ല പാര്‍ട്ടികള്‍ ചെയ്യാറ്. മനുഷ്യ മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പശ്ചിമ ബംഗാളില്‍ ഹല്ല പാര്‍ട്ടികള്‍ രൂപീകരിച്ചത്.

Top