തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. ഒരാളെ ട്രയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ പുഴയില്‍ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചത്. ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്.
എന്നാല്‍, പൊലീസും ഫയര്‍ ഫോഴ്സും നടത്തിയ തെരച്ചിലില്‍ യാതൊന്നും കണ്ടെത്താനായില്ല. ട്രാക്കിലോ സമീപത്തോ ട്രെയിന്‍ തട്ടിയെന്ന് പറയുന്നയാളെ കണ്ടെത്താനായിട്ടില്ല. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രെയിന്‍ തട്ടിയെന്ന പറയുന്നയാള്‍ ഉള്‍പ്പെടെ നാലുപേരും പുഴയില്‍ വീണിട്ടുണ്ടാകമെന്ന സംശയത്തിലാണ് തെരച്ചില്‍ നടക്കുന്നത്. നിലവില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ രവിയുടെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടക്കുകയാണ്. എന്നാല്‍, ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സും പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. നാലുപേര്‍ പുഴയില്‍ വീണെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.