ലോക്കോ പൈലറ്റുമാരുടെ സമരം ഇന്നു മുതല്‍

ലോക്കോ പൈലറ്റുമാരുടെ സമരം ഇന്നു മുതല്‍
ലോക്കോ പൈലറ്റുമാരുടെ സമരം ഇന്നു മുതല്‍

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേക്കു കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനാണ് ചട്ടപ്പടി സമരത്തിനു നേതൃത്വം നല്‍കുന്നത്. ട്രെയിന്‍ ഗതാഗതം നിര്‍ത്തിയുള്ള സമരമല്ലെന്ന് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. ദക്ഷിണ റെയില്‍വേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഇന്നു മുതല്‍ പ്രത്യക്ഷ സമരത്തിലേക്കു കടക്കുന്നത്. മൊത്തം നാലായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഈ 6 ഡിവിഷനുകളില്‍ ജോലി ചെയ്യുന്നത്. ഒറ്റയടിക്ക് 10 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യില്ലെന്നും തുടര്‍ച്ചയായി 2 രാത്രികളില്‍ കൂടുതല്‍ ട്രെയിന്‍ ഓടിക്കില്ലെന്നുമാണ് തീരുമാനം.

48 മണിക്കൂറിനകം ആസ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ കഴിയണം. ആഴ്ചയില്‍ 30 മണിക്കൂര്‍ വിശ്രമം ലഭിക്കണം. ഓരോ വര്‍ഷവും പുതിയ ട്രെയിനുകള്‍ വരുന്നുണ്ടെങ്കിലും, 2018 നു ശേഷം പുതിയ ലോക്കോ പൈലറ്റുമാരുടെ നിയമനം നടന്നിട്ടില്ല. അര്‍ഹതപ്പെട്ട സമയം വിശ്രമിച്ചശേഷം മാത്രമേ ട്രെയിന്‍ ഓടിക്കുവെന്ന് വ്യക്തമാക്കി ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ മേയ് 15ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിങ്ങിനു സമരപ്രഖ്യാപന നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അസോസിയേഷന്‍’ ഭാരവാഹികളുമായി ചര്‍ച്ചയ്ക്കു തയാറായിട്ടില്ല. അതിനുശേഷം കേരളത്തിലെത്തിയ ജനറല്‍ മാനേജര്‍ കോഴിക്കോട്ടും മറ്റും ജീവനക്കാരുടെ യോഗങ്ങളില്‍ പങ്കെടുത്തപ്പോഴും ഇതെക്കുറിച്ച് പരാമര്‍ശിച്ചതുമില്ല. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി നിലവിലുള്ള തൊഴില്‍സാഹചര്യം ചോദിച്ചറിഞ്ഞിരുന്നു.

Top