മുംബൈ: ജൂണ്‍ ഒന്നിന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് റിസള്‍ട്ടിന്റെ കാത്തിരിപ്പിലാകും ജനങ്ങള്‍. ജൂണ്‍ നാലിനാണ് വോട്ടെണ്ണുന്നത്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന്റെ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ കളറാക്കാനുള്ള തീരുമാനത്തിലാണ് മുംബൈ ജനത.
അതിനായി മുംബൈയിലെയും മഹാരാഷ്ട്രയിലെയും തീയറ്ററുകളില്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. ജൂണ്‍ നാലിന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു വരെ ബിഗ് സ്‌ക്രീനുകള്‍ സജീവമായിരിക്കും. രാജ്യത്തെ രാഷ്ട്രീയ നാടകം തിരശ്ശീലയില്‍ കാണാന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരം കൂടിയാണിത്. ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന വോട്ടിന്റെ കണക്കിനൊപ്പം ബ്രേക്കിങ് ന്യൂസുകളും സ്‌ക്രീനുകളില്‍ തെളിയും.
മഹാരാഷ്ട്രയിലെ മൂവീമാക്‌സ് തിയറ്ററുകളില്‍ തെരഞ്ഞെടുപ്പ് ഫലം കാണിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബുക്ക്‌മൈ ഷോ, പേടിഎം പോലുള്ള ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലും മൂവിമാക്‌സിന്റെ വെബ്‌സൈറ്റുകളിലും ടിക്കറ്റുകള്‍ എടുക്കാം. 99 രൂപയാണ് ടിക്കറ്റ് നിരക്ക്.