ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ എല്ലാ സീറ്റുകളിലും, യുപി, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാഗികമായും ഇന്ന് വിധിയെഴുതും. ആദ്യഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 102 സീറ്റുകളില്‍ എന്‍ഡിഎക്ക് 51 സീറ്റും, ഇന്ത്യ സഖ്യത്തിന് 48 സീറ്റും, ബിഎസ്പിക്ക് 3 സീറ്റുമാണുള്ളത്.
തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും രാവിലെ 7 മണിക്ക് പോളിംഗ് തുടങ്ങും. ആകെ 950 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 6 കോടി 23 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇവരില്‍ 3 കോടി 17 ലക്ഷം വോട്ടര്‍മാര്‍ സ്ത്രീകളാണ്. 190 കമ്പനി കേന്ദ്രസേന സുരക്ഷാ ചുമതലയ്ക്കായി സംസ്ഥാനത്തുണ്ട്. കനത്ത ചൂട് പോളിംഗ് ശതമാനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് തFരഞ്ഞെടുപ്പ് കമ്മീഷന്‍.
മഹാരാഷ്ട്രയില്‍ 5 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന നാഗ്പൂര്‍ ഉള്‍പ്പെടെയാണ് ഇന്ന് പോളിംഗ് ബൂത്തില്‍ എത്തുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റായ ചന്ദ്രാപൂരും ആദ്യഘട്ടത്തില്‍ വിധിയെഴുതും. വിദര്‍ഭയിലെ നക്‌സല്‍ ബാധിത മണ്ഡലമായ ഗഡ്ചിറോളി-ചിമൂറില്‍ കനത്ത സുരക്ഷ ഒരുക്കിയാണ് വോട്ടെടുപ്പ്. 15,000 കേന്ദ്രസേന അംഗങ്ങളെയും വ്യോമ നിരീക്ഷണ സംവിധാനങ്ങളും മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.