കൊല്ലത്ത് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊല്ലത്ത് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന നാളെ കൊല്ലം ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂൾ പരിസരത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനോ പാടില്ല.

രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അതേസമയം, അവശ്യ സർവീസുകളായ അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്നി സുരക്ഷ, സർക്കാർ പ്രവർത്തികൾ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടർ അറിയിച്ചു.

കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന്‌ ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.

നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Top