ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് മൂന്നാംതവണയാണ് മോദി മത്സരിക്കുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് മോദിയുടെ എതിരാളി.
57 ലോക്സഭ സീറ്റുകളിലേക്കായി 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജൂൺ രണ്ടിന് അറിയാൻ കഴിയും.
പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, ഛണ്ഡീഗഡ് സംസ്ഥാനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. കങ്കണ റണാവുത്ത്, അനുരാഗ് താക്കൂർ, വിക്രമാദിത്യ സിങ്, കേന്ദ്രമന്ത്രി ആർ.കെ. സിങ്, മുതിർന്ന ബി.ജെ.പി നേതാവ് രവി ശങ്കർ പ്രസാദ്, മിസ ഭാരതി എന്നിവരും ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.