CMDRF

മുഡ ഭൂമി ഇടപാട് അഴിമതി കേസ്; സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുത്ത് ലോകായുക്ത

കര്‍ണാടകയിലെ പ്രത്യേക കോടതി കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്

മുഡ ഭൂമി ഇടപാട് അഴിമതി കേസ്; സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുത്ത് ലോകായുക്ത
മുഡ ഭൂമി ഇടപാട് അഴിമതി കേസ്; സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുത്ത് ലോകായുക്ത

ബെംഗളൂരു: മൈസൂരുവിലെ ഭൂമിയിടപാടിൽ ക്രമക്കേടു നടത്തിയെന്ന ആരോപണത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുത്ത് ലോകായുക്ത. എഫ്‌ഐആറില്‍ സിദ്ധരാമയ്യയാണ് ഒന്നാം പ്രതി. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, വിവാദ ഭൂമി ഉടമ ദേവരാജ് എന്നിവരേയും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തു. കര്‍ണാടകയിലെ പ്രത്യേക കോടതി കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്‌ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ സ്‌നേഹമയി കൃഷ്ണ, വിവരാവകാശ പ്രവര്‍ത്തകന്‍ ടി ജെ എബ്രഹാം, പ്രദീപ് കുമാര്‍ എസ് പി എന്നിവരാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കി. ഇതിനെതിരെ സിദ്ധരാമയ്യ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യക്കെതിരെ കേസെടുക്കാന്‍ കര്‍ണാടകയിലെ പ്രത്യേക കോടതി ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കിയത്.

മുഡയുടെ കീഴിലുള്ള ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്ക് പകരം ഭൂമി മറ്റൊരിടത്തു നല്‍കുന്ന പദ്ധതിയാണിത്.

Top