തിരുവനന്തപുരം; രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി ഇന്ന്. വോട്ടെണ്ണനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണി തുടങ്ങും. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണമെന്ന ഇന്ത്യാ സഖ്യത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമാണ്. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കുറ്റമറ്റ രീതിയില്‍ കൗണ്ടിംഗ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. അതേസമയം വടകരയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് പരാതികളില്ലാതെ വോട്ടെണ്ണല്‍ നടത്താനുള്ള പരിശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
വോട്ടെണ്ണല്‍ നടക്കുന്ന 20 കേന്ദ്രങ്ങളിലും അവസാനവട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കി. 5.30ന് സ്ട്രോംഗ് റൂമുകള്‍ തുറക്കും. എട്ടുമണിയോടെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടുമണിയോടെ പോസ്റ്റല്‍ വോട്ടിന് ഒപ്പം വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണും. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൌള്‍ അറിയിച്ചു. കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന കോഴിക്കോട് ജെഡിടി കോളേജ് പരിസരത്തും വയനാട് മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ നടക്കുന്ന താമരശ്ശേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.
വടകരയില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആറ് കമ്പനി അധികസേനയെ വിന്യസിക്കും. വോട്ടെണ്ണല്‍ കഴിഞ്ഞും പോലീസിനെ പിന്‍വലിക്കരുത് എന്നാണ് നിര്‍ദേശം. വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും തടയാനും സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും ഉണ്ട്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും.