CMDRF

ശശി തരൂര്‍ ജയിക്കും; പക്ഷേ വിയര്‍ക്കും… ഇഞ്ചോടിഞ്ച് പോരട്ടം; ചങ്കിടിച്ച് സഖാക്കൾ; എക്‌സിറ്റ് പോള്‍ ഫലം

ശശി തരൂര്‍ ജയിക്കും; പക്ഷേ വിയര്‍ക്കും… ഇഞ്ചോടിഞ്ച് പോരട്ടം; ചങ്കിടിച്ച് സഖാക്കൾ; എക്‌സിറ്റ് പോള്‍ ഫലം
ശശി തരൂര്‍ ജയിക്കും; പക്ഷേ വിയര്‍ക്കും… ഇഞ്ചോടിഞ്ച് പോരട്ടം; ചങ്കിടിച്ച് സഖാക്കൾ; എക്‌സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും യുഡിഎഫെന്ന് മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം. യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കാം. എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാം. വടകരയിലും പാലക്കാട്ടും എൽഡിഎഫിനു സാധ്യത പറയുന്ന സർവേ, കണ്ണൂരും ആലത്തൂരും ഇഞ്ചോടിഞ്ചു പോരാട്ടമാണ് പ്രവചിക്കുന്നത്.

ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നും സർവേ ഫലം പറയുന്നു. പക്ഷേ തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. യുഡിഎഫ് 42.46%, എൽഡിഎഫ് 35.09 %, എൻഡിഎ 18.64% എന്നിങ്ങനെ വോട്ടു നേടും. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് 4.76 ശതമാനവും എൽഡിഎഫിന് 0.64 ശതമാനവും വോട്ടു കുറയുമ്പോൾ എൻഡിഎ 3.7 ശതമാനം വോട്ടു കൂടുതൽ നേടുമെന്നും സർ‌വേഫലം പറയുന്നു.

കോഴിക്കോട് സിറ്റിങ് എംപി എം.കെ.രാഘവൻ നിലനിർത്തുമെന്നാണ് സർവേ. 46.16 ശതമാനം വോട്ടുവിഹിതം യുഡിഎഫിന്റെ എം.കെ.രാഘവൻ‌ നേടുമെന്നാണ് സർവേ. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനേക്കാൾ 11.77 ശതമാനം വോട്ട് കൂടുമെന്നാണ് പ്രവചനം. എളമരം കരീമിന് 34.39 ശതമാനം വോട്ടു ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ. എം.ടി.രമേശാണ് ബിജെപി സ്ഥാനാർഥി.

പത്തനംതിട്ടയിൽ 4.36 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ആന്റോ ആന്റണി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ആന്റോ ആന്റണിയെ 36.53‌% പേർ പിന്തുണച്ചു. മുൻ ധനമന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ ഡോ. തോമസ് ഐസക്കിനെയും മറികടന്ന് എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി രണ്ടാമത് എത്തുമെന്നും പ്രവചനം പറയുന്നു. 32.17% പേരാണ് അനിലിനെ അനുകൂലിച്ചു വോട്ടു ചെയ്തത്. തോമസ് ഐസക്കിന് 27.7 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് 5.07 ശതമാനം വോട്ടിന്റെ കുറവും സർവേ ഫലത്തിലുണ്ട്.

പൊന്നാനിയിൽ യുഡിഎഫ് സീറ്റ് നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ 4 ശതമാനം വോട്ടു കുറയുമെന്നും പ്രവചനം. മലപ്പുറം മണ്ഡലം ഇ.ടി.മുഹമ്മദ് ബഷീറിന് വച്ചുമാറി പൊന്നാനിയിൽ എത്തിയ അബ്ദുസമദ് സമദാനിക്ക് 47.3 ശതമാനം വോട്ടു ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ. എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്ക് 37.61 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.

വാശിയേറിയ പോരാട്ടം നടന്ന കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോർജിന് 7.9% വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ വിജയം പ്രവചിച്ചിരിക്കുന്നത്. ഫ്രാൻസിസിനെ അനുകൂലിച്ച് 41.33% പേർ വോട്ടു ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ അനുകൂലിച്ച് 33.43% പേരാണ് വോട്ടു ചെയ്തിരിക്കുന്നത്. എൻഡിഎയുടെ ബിഡിജെഎസ് സ്ഥാനാർഥി തുഷാര്‍ വെള്ളാപ്പള്ളിയെ അനുകൂലിച്ച് 20.02% പേർ വോട്ടു ചെയ്തു.

കനലൊരു തരി’യുടെ പേരിൽ പ്രശസ്തമായ ആലപ്പുഴയിൽ പക്ഷേ ഇത്തവണ യുഡിഎഫിനു വിജയമെന്നാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചിച്ചിരിക്കുന്നത്. 43.88% പേർ യുഡിഎഫിന്റെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു. രണ്ടാം സ്ഥാനത്ത് എൽഡിഎഫിന്റെ എ.എം.ആരിഫ്. അനുകൂലിച്ചത് 32.78 ശതമാനം പേർ. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെ അനുകൂലിച്ച് 22.07% പേരും വോട്ടു ചെയ്തു. 11.1 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരിക്കും വേണുഗോപാലിന്റെ വിജയമെന്നും പ്രവചനമുണ്ട്.

വൻതോതിൽ വോട്ടു കുറയുമെങ്കിലും എറണാകുളത്ത് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനായിരിക്കും വിജയമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. 36.74 ശതമാനം പേരാണ് അദ്ദേഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. 2019ൽ ഹൈബിക്ക് 50.78% വോട്ടാണു ലഭിച്ചത്. 14.04% വോട്ടിന്റെ വ്യത്യാസമാണ് ഇത്തവണ. എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈനിനെ പിന്തുണച്ച് 30.22% പേർ വോട്ടു ചെയ്തു. 2019ൽ എൽഡിഎഫ് സ്ഥാനാർഥി പി. രാജീവിനു ലഭിച്ചത് 33.3% വോട്ട്. ഇത്തവണ 3.07% വോട്ടിന്റെ കുറവ്. 22.23 ശതമാനം പേരാണ് എൻഡിഎ സ്ഥാനാർഥി ഡോ.കെ.എസ്. രാധാകൃഷ്ണനെ അനുകൂലിച്ച് ഇത്തവണ വോട്ടു ചെയ്തത്.

ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ വിജയിക്കുമെന്ന് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചനം. 36.7% പേര്‍ അദ്ദേഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. രണ്ടാം സ്ഥാനത്ത് എൽഡിഎഫിന്റെ സി. രവീന്ദ്രനാഥാണ്. 30.95 % പേരാണ് അദ്ദേഹത്തെ അനുകൂലിച്ചത്. എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിന്റെ കെ.എ.ഉണ്ണികൃഷ്ണനെ അനുകൂലിച്ച് 18.61% പേരും വോട്ടു ചെയ്തു.എൽഡിഎഫിനും യുഡിഎഫിനും ഇത്തവണ വോട്ടു കുറയുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

വാശിയേറിയ പോരാട്ടം നടന്ന ആലത്തൂരിൽ ഇത്തവണ എൽഡിഎഫ്–യുഡിഎഫ് ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണനും യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംപിയുമായി രമ്യാ ഹരിദാസിനും 41 ശതമാനം വീതം വോട്ടു ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസു 17.49 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.കഴിഞ്ഞ തവണ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് 52.37 ശതമാനം വോട്ടാണ് ലഭിച്ചത്.

തൃശൂർ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് എക്സിറ്റ് പോൾ സർവേ. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന് 37.53 ശതമാനം വോട്ടു ലഭിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ 30.72 വോട്ടുകൾ നേടുമെന്നുമാണ് സർവേ ഫലം പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 29.55 ശതമാനം വോട്ടു നേടുമെന്നും സർവേ പറയുന്നു. എൽഡിഎഫും എൻഡിഎയും തമ്മിൽ നേരിയ വോട്ടുവ്യത്യാസമാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫ‌ിന് കഴിഞ്ഞ തവണത്തേക്കാൾ 2.3 ശതമാനവും എൽഡിഎഫിന് 0.12 ശതമാനവും വോട്ടുവിഹിതം കുറയുമെന്നും പറയുന്നു. എന്നാൽ എൻഡിഎയ്ക്ക് 1.36 ശതമാനം വോട്ടുവിഹിതം കൂടുമെന്നാണ് പ്രവചനം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തിൽ കേരളത്തിലാകെ ഓളമുണ്ടാക്കിയ വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനേക്കാൾ 1.91 ശതമാനം വോട്ട് കൂടുതൽ നേടി കെ.കെ. ശൈലജ വിജയിക്കുമെന്ന് എക്സിറ്റ് പോൾ. കെ.കെ.ശൈലജയ്ക്ക് 41.56 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം. പോളിൽ പങ്കെടുത്ത 39.65 ശതമാനം പേർ ഷാഫിക്ക് അനുകൂലമായി വോട്ടു ചെയ്തു. എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് 17.69 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം,

Top