ഡല്‍ഹി: ലൈംഗിക അതിക്രമക്കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. ഏപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. എന്നാല്‍, കേസെടുക്കുന്നതിനു മുന്‍പേ രാജ്യം വിട്ട പ്രജ്ജ്വല്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിരുന്നു. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.