ബംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെ കോളേജ് ക്യാമ്പസിനുള്ളില്‍ സഹപാഠി കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരത നടന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ നേഹ (23) ആണ് കൊല്ലപ്പെട്ടത്. ബിവിബി കോളേജിലെ ഒന്നാംവര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവത്തില്‍ നേഹയുടെ മുന്‍ സഹപാഠി ഫയാസ് (23) അറസ്റ്റിലായി.
ബംഗളൂരു ബെലഗാവി സ്വദേശിയാണ് ഫയാസ്. നേഹ ഫയാസിന്റെ പ്രണയാഭ്യര്‍ത്ഥന നിരന്തരമായി നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പതിവായി പിന്തുടരുകയും ചെയ്തിരുന്നു. പ്രതി യുവതിയെ ക്യാമ്പസിനുള്ളില്‍വച്ച് കത്തികൊണ്ട് പലതവണ കുത്തുന്നതും തുടര്‍ന്ന് ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏഴുതവണ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയതായി പൊലീസ് പറഞ്ഞു.
പ്രതിയെ ചോദ്യം ചെയ്തതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം, വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകരും, ഹിന്ദു അനുകൂല സംഘടനകളും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി.