തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനു പുറമേ അറബിക്കടലിലും ന്യൂനമർദം രൂപംകൊണ്ടതോടെ കേരളത്തിലും ലക്ഷദ്വീപിലും വരുംദിവസങ്ങളിലും തീവ്രമഴയ്ക്കു സാധ്യത. തെക്കൻ കേരളത്തിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണു ന്യൂനമർദമായത്. ഇതോടെ കാലവർഷം നേരത്തേയെത്താനും സാധ്യത തെളിഞ്ഞു.
തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി വടക്കുഭാഗത്തേക്കു നീങ്ങുകയാണ്. ഇത് ഒഡീഷ തീരത്തോടുചേർന്ന് ബംഗാൾ ഭാഗത്തേക്കു നീങ്ങി നാളെ ചുഴലിക്കാറ്റാകുമെന്നാണു പ്രവചനം.