ഗൾഫ്നാടുകളിൽ ഒന്നായ കുവൈറ്റിലേക്ക് വരുന്നവരും പുറപ്പെടുന്നവരുമായ യാത്രക്കാരുടെ ലഗേജ് സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പുതിയ തീരുമാനപ്രകാരം പോർട്ടറുടെ സഹായമില്ലാതെ യാത്രക്കാർക്ക് സൗജന്യമായി ലഗേജ് ട്രോളി ഉപയോഗിക്കാം. അതേസമയം ട്രോളി ഉപയോഗിക്കുന്നതിന് ഫീസ് ആവശ്യമല്ല, എങ്കിലും ലഗേജ് നീക്കം ചെയ്യാൻ പോർട്ടറുടെ സേവനം ആവശ്യമാണെങ്കിൽ അതിന് ഫീസ് നൽകേണ്ടിവരും. എന്നാൽ ഒരു ചെറിയ ട്രോളിക്ക് ഒരു ദിനാറും വലിയ ട്രോളിക്ക് രണ്ട് ദിനാറുമാണ് പോർട്ടർക്ക് നൽകേണ്ട ഫീസ്.
കുവൈറ്റ് എയർപോർട്ടിലെത്തുന്ന യാത്രക്കാരുടെ ലഗേജുകൾ കൊണ്ടുപോവുന്നതിന് എയർപോർട്ട് തൊഴിലാളികൾ വലിയ തുക ഫീസ് ആവശ്യപ്പെടുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പുതിയ തീരുമാനം. യാത്രക്കാരുടെ ലഗേജുകൾ അപരിഷ്‌കൃതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതായും യാത്രക്കാർ പരാതിപ്പെട്ടിരുന്നു. അതേസമയം ഇക്കാര്യത്തിൽ യാത്രക്കാർക്കുള്ള അതൃപ്തി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ വന്നിട്ടുള്ള പുതിയ സംവിധാനത്തിൽ ലഗേജുകൾ, ട്രോളികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കൗണ്ടർ സ്ഥാപിക്കും. പോർട്ടർ സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികൾക്കും അന്വേഷണങ്ങൾക്കുമായി ബന്ധപ്പെടാനുള്ള നമ്പറും കുവൈറ്റ് ഏർപ്പെടുത്തും. യാത്രക്കാർക്ക് മികച്ച സേവനം നൽകാനും പ്രശ്‌നങ്ങൾ കാര്യക്ഷമമായി പരിഹരിക്കാനുമാണ് നടപടിയെന്ന് ഡിജിസിഎ അറിയിച്ചു.
എന്നാൽ ചില ജീവനക്കാർക്കുള്ള ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാനും അതുവഴി ഷിഫ്റ്റ് അലവൻസ് നിർത്തലാക്കാനുമുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ ഡിജിസിഎയിലെ നിരവധി ജീവനക്കാർ പരാതികളുമായി രംഗത്തെത്തിയതായും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, അടുത്ത ദിവസം തന്നെ പരാതി കത്തായി നൽകാനാണ് തീരുമാനം.
ഇത്തരത്തിലുള്ള ഷിഫ്റ്റ് അലവൻസ് പിൻവലിക്കുന്നത് അന്യായവും തെറ്റായതുമായ നടപടിയാണെന്നാണ് ജീവനക്കാരുടെ വാദം. ഇതുവഴി ചില ഗ്രേഡുകളിൽ പെട്ടവർക്ക് 300 ദിനാറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. ഡിജിസിഎ തീരുമാനം പുനപ്പരിശോധിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സെപ്തംബർ ഒന്നു മുതലാണ് ചില ജീവനക്കാർക്കുള്ള ഷിഫ്റ്റ് അലവൻസ് താൽക്കാലികമായി നിർത്തിവയ്ക്കുക. ടെക്‌നിക്കൽ ജോലികളിൽ ഏർപ്പെടുന്നവർക്ക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയതിന് ന്യായീകരണമുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ജോലികൾ ചെയ്യുന്നവർക്ക് അത് പ്രായേഗികമല്ലെന്നാണ് നിലവിൽ ജീവനക്കാരുടെ വാദം