മോണ്ടിവിഡിയോ: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തിൽ തൻറെ അവസാന മത്സരമെന്ന് 37കാരനായ സുവാരസ് കണ്ണീരോടെ പറഞ്ഞു. യുറുഗ്വേക്കായി ഏറ്റവും കൂടുതൽ ഗോൾ(69) നേടിയ താരമെന്ന റെക്കോർഡോടെയാണ് സുവാരസ് ബൂട്ടഴിക്കുന്നത്.
ഞാൻ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നു. ദേശീയ ടീമിനൊപ്പം സമാധാനത്തോടെ അവസാന മത്സരം കളിക്കണമെന്നാണ് ആഗ്രഹം. 2007-ൽ ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങുമ്പോഴുള്ള അതേ ആവേശത്തിലാണ് ഞാൻ അവസാനമത്സരവും കളിക്കാനിറങ്ങുന്നത്. ആ 19 വയസ്സുള്ള കുട്ടി ഇപ്പോൾ ഒരു മുതിർന്ന കളിക്കാരനാണ്, നിങ്ങൾ അതിനെ എങ്ങനെ വിളിച്ചാലും കുഴപ്പമില്ല- ദേശീയ ടീമിനായി ജിവിതം തന്നെ ഉഴിഞ്ഞുവെച്ച ദേശീയ ടീമിനൊപ്പം ചരിത്രമെഴുതിയ കളിക്കാരനെന്ന നിലയിൽ ഓർമിക്കപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും സുവാരസ് പറഞ്ഞു.
തൻറെ മക്കൾക്ക് മുമ്പിൽ എന്തെങ്കിലും വലിയ നേട്ടത്തോടെ വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എടുത്തുപറയാൻ വലിയ കിരീടമില്ലെങ്കിലും വിജയങ്ങളോടെ വിടവാങ്ങാനാവുന്നത് സന്തോഷകരമാണെന്നും സുവാരസ് പറഞ്ഞു. 2007ൽ യുറുഗ്വേ കുപ്പായത്തിൽ അരങ്ങേറിയ സുവാരസ് 2010ൽ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ടീമിലും 2011ലെ കോപ അമേരിക്ക കിരീടം നേടിയ ടീമിലും അംഗമായിരുന്നു. 17 വർഷം നീണ്ട രാജ്യാന്തര കരിയറിൽ 142 മത്സരങ്ങളിൽ യുറുഗ്വേ കുപ്പായമണിഞ്ഞ സുവാരസ് 69 ഗോളുകൾ നേടി ടീമിൻറെ എക്കാലത്തെയും വലിയ ടോപ് സ്കോററുമാണ്.
Also Read:ക്ലബ് മാറ്റ സൂചന നൽകി മുഹമ്മദ് സലാ
ജൂലൈയിലെ കോപ അമേരിക്ക ടൂർണമെൻറിൽ കാനഡക്കെതിരെ സുവാരസ് നേടിയ ഇഞ്ചുറി ടൈം ഗോളിലാണ് യുറുഗ്വേ മൂന്നാം സ്ഥാനം നേടിയത്. വെള്ളിയാഴ്ച യുറുഗ്വേയിലെ സെൻറിനേറിയോ സ്റ്റേഡിയത്തിലാണ് യുറുഗ്വേ-പരാഗ്വേ ലോകകപ്പ് യോഗ്യതാ പോരാട്ടം. യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ വിട്ട സുവാസ് ഇപ്പോൾ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ലിയോണൽ മെസിക്കൊപ്പം ഇൻറർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബ് തലത്തിൽ ഇൻറർ മയാമിയായിരിക്കും തൻറെ അവസാന ക്ലബ്ബെന്ന് സുവാരസ് നേരത്തെ വ്യക്തമാക്കിയിരുന്നു.