എം പോക്സ് ക്ലേഡ് 1 അപകടകാരി; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

എം പോക്സ് ക്ലേഡ് 1 അപകടകാരി; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം
എം പോക്സ് ക്ലേഡ് 1 അപകടകാരി; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

ഡൽഹി: രാജ്യത്ത് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്.

ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.

Top