വടകര: മടപ്പള്ളി ഗവ. കോളേജ് സ്റ്റോപ്പിൽ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനികളെ ബസിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. എല്ലാ ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. ആജീവനാന്ത കാലത്തേക്കാണ് നടപടി.
വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടിൽ മുഹമ്മദ് ഫുറൈസ് ഖിലാബിനെതിരെയാണ് നടപടി. സംഭവത്തിൽ വടകര ആർ.ടി.ഒ. സഹദേവൻ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് നടപടി.കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അയ്യപ്പന്‍ എന്ന ബസ് ആണ് വിദ്യാർഥികളെ ഇടിച്ചത്.
പരിക്കേറ്റ ശ്രേയ (19), ദേവിക (19), ഹൃദ്യ (19 എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു കുട്ടികള്‍.
ആദ്യപകുതി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് ഒരു ലോറി വേഗതയില്‍ കടന്നുപോയി. തുടർന്ന് തൊട്ടുപിന്നിലെത്തിയ ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു. ബസ് ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.