കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്. യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചതിനാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.നടിയുടെ അഭിഭാഷകന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി സൈബര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ ഡിജിപിക്ക് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരുന്നു.
നടന്‍മാര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഈ നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോന്‍ മറ്റൊരു പരാതിയും നല്‍കിയിരുന്നു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പു നടിയുടെ അഭിഭാഷകന്‍ സംഗീത് ലൂയീസ് ഫോണില്‍ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോന്‍ പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 14 നാണ് ബാലചന്ദ്രമേനോനെതിരെ പരാതി ഉടന്‍ പുറത്തുവിടുമെന്ന് നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പിന്നാലെ യുട്യൂബ് ചാനലുകള്‍ക്ക് നടി അഭിമുഖങ്ങള്‍ നല്‍കുകയായിരുന്നു.