റഫയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ നിരവധി പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി പ്രമുഖരായ വ്യക്തികളും മനുഷ്യാവകാശ സംഘടനകളും ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ത്തുകയാണ്. നിരവധി രാജ്യങ്ങളില്‍ നിന്നും മനുഷ്യാവകാശ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ ചര്‍ച്ചകള്‍ക്കും ഇടയായ സംഭവത്തില്‍ ബോളിവുഡ് താരങ്ങളും, മലയാളി താരങ്ങളും, മറ്റു പ്രമുഖരും ഓള്‍ ഐസ് ഓണ്‍ റഫ ചിത്രം തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇതോടെ ക്യാമ്പയിനുളള പിന്തുണ ആഗോളതലത്തില്‍ വര്‍ദ്ധിച്ചു.
ബോളിവുഡിലെ മുന്‍ സൂപ്പര്‍നായിക മാധുരി ദീക്ഷിതും പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി രംഗത്ത് എത്തിയിരുന്നു. പക്ഷെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പെട്ടെന്ന് നീക്കം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വളരെയധികം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തിങ്കളാഴ്ച പിങ്ക് ലെഹങ്കയില്‍ താരം പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം റീലുകളിലൊന്നിന്റെ കമന്റ് വിഭാഗത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ അറിയിച്ച് കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. ദയനീയം, നിരാശാജനകം, നിലപാടില്ല എന്നീ തരത്തിലാണ് ആരാധകരുടെ പ്രതികരണം. ആലിയ ഭട്ട്, ദിയാ മിര്‍സ, റിച്ച ഛദ്ദ, കരീന കപൂര്‍, വരുണ്‍ ധവാന്‍, രശ്മിക മന്ദാന എന്നിവരുള്‍പ്പെടെയുള്ള വിവിധ ബോളിവുഡ് താരങ്ങള്‍ ‘ഓള്‍ ഐസ് ഓണ്‍ റഫ’ പോസ്റ്റ് പങ്കിട്ടിരുന്നു.