ഡൽഹി: ക്രിസ്റ്റഫർ കൊളംബസിന് പകരം അമേരിക്കൻ നാവികനാണ് അമേരിക്ക കണ്ടെത്തിയതെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പാർമർ. ചൊവ്വാഴ്ച ബർകത്തുല്ല യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കവെയാണ് പാർമറിൻറെ അവകാശവാദം. ചൈനയിലെ ബീജിങ് നഗരം രൂപകൽപന ചെയ്യാൻ ഇന്ത്യൻ വാസ്തുശില്പിയായ ബാൽ ബാഹു സഹായിച്ചുവെന്നും ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് ആദ്യം പ്രവചിച്ചത് ഋഗ്വേദമാണെന്നും ഇതേ വേദിയിൽ മന്ത്രി അവകാശ വാദമുന്നയിച്ചു.
മധ്യപ്രദേശ് ഗവർണർ മംഗുഭായ് സി.പട്ടേലും മുഖ്യമന്ത്രി മോഹൻ യാദവും അദ്ദേഹം പ്രസ്താവന നടത്തുമ്പോൾ വേദിയിലുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഒരു ഇന്ത്യൻ നാവികൻ അമേരിക്കയിൽ പോയി സാൻ ഡിയാഗോയിൽ നിരവധി ക്ഷേത്രങ്ങൾ നിർമിച്ചുവെന്നും അവ ഇപ്പോഴും മ്യൂസിയങ്ങളിലും ലൈബ്രറികളിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പാർമർ പറഞ്ഞു. വാസ്കോഡ ഗാമ ഒരു ഇന്ത്യൻ വ്യാപാരിയായ ചന്ദനെ പിന്തുടർന്നിരുന്നുവെന്നും എന്നാൽ, ചരിത്രകാരന്മാർ ഇന്ത്യയിലേക്കുള്ള കടൽപാത കണ്ടെത്തിയത് വാസ്കോഡ ഗാമയാണെന്ന് വിദ്യാർഥികളെ തെറ്റായി പഠിപ്പിക്കുന്നുവെന്നും പാർമർ കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ നടന്ന പുരാവസ്തു ഗവേഷണങ്ങളിൽ 5,500 വർഷം പഴക്കമുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആധുനിക ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പൂർവികർക്ക് സ്‌പോർട്‌സിനെ കുറിച്ച് വിശദമായി അറിയാമായിരുന്നെന്നും വലിയ സ്റ്റേഡിയങ്ങൾ നിർമിച്ചിരുന്നുവെന്നത് ഇത് അർഥമാക്കുന്നതായും പാർമർ പറഞ്ഞു.